SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

പി.എസ്.എൽ.വി ദൗത്യങ്ങളിൽ അട്ടിമറി: നേരറിയാൻ ഡോവലെത്തി

READ ENGLISH VERSION

ajit-doval

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി വിക്ഷേപണ ദൗത്യങ്ങൾ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ടതോടെ ബലപ്പെട്ട അട്ടിമറി സംശയത്തിൽ വ്യക്തത തേടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തലസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം അതീവ രഹസ്യമായി കഴിഞ്ഞ മാസമെത്തിയ അദ്ദേഹം, പി.എസ്.എൽ.വി നിർമ്മിച്ച തുമ്പ വി.എസ്.എസ്.സിയിലെത്തി ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായും ശാസ്ത്രജ്ഞരുമായും ചർച്ച നടത്തി.

രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ആറ് യോഗങ്ങൾ നടന്നതായാണ് വിവരം. എന്നാൽ ഐ.എസ്.ആർ.ഒ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ ഐ.എസ്.ആർ.ഒയുടെ ഫെയ്ലിയർ അനാലിസിസ് കമ്മിറ്റി (എഫ്.എ.സി) റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകി. മോട്ടോറിന്റെ ചേംബറിലെ പ്രഷർ നഷ്ടമായതാണ് വിക്ഷേപണ ദൗത്യങ്ങൾ പരാജയപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടിൽ.

ഇത് തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അട്ടിമറി സംശയം ബലപ്പെട്ടത്. ഡോവൽ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറും. കഴിഞ്ഞ മാസം 22, 23 തീയതികളിലായിരുന്നു ഡോവലിന്റെ തലസ്ഥാന സന്ദർശനം എന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് ഡോവൽ കന്യാകുമാരിലേക്കാണ് പോയത്. ബി.ജെ.പിയുടെ തലസ്ഥാന കോർപ്പറേഷൻ വിജയാഘോഷത്തിൽ പങ്കെടുക്കാൻ 23ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയതിനെ തൊട്ടുമുമ്പ് ഡോവൽ കന്യാകുമാരിയിലേക്ക് പോയിരുന്നു.

പരാജയപ്പെട്ട ദൗത്യങ്ങൾ

രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണായകമാകേണ്ട രണ്ട് വിക്ഷേപണങ്ങളാണ് തുടർച്ചയായി പരാജയപ്പെട്ടത്. 2025 മേയ് 18ന് പി.എസ്.എൽ.വിയുടെ 61-ാം ദൗത്യവും 2026 ജനുവരി 12ന് 62-ാം ദൗത്യവുമാണ് പരാജയപ്പെട്ടത്. അതീവ പ്രാധാന്യമുള്ള ഉപഗ്രഹങ്ങളും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച റോക്കറ്റുകളുടെ രണ്ട് ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചെങ്കിലും മൂന്നാംഘട്ടം കൃത്യമാകാതിരുന്നതിനെ തുടർന്ന് ദിശ മാറിപ്പോവുകയായിരുന്നു. ‌ വിക്ഷേപണത്തിൽ ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ വ്യക്തതയോടെ പകർത്താൻ ശേഷിയുള്ള ഉപഗ്രഹങ്ങളുൾപ്പെടെ ഉണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കുതിപ്പിനാണ് ഇത് തിരിച്ചടിയായത്.

2017ന് ശേഷം ആദ്യം

2017ന് ശേഷം ആദ്യമായാണ് പി.എസ്.എൽ.വി ദൗത്യം പരാജയപ്പെട്ടത്. ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ.എസ്.സോമനാഥ് മാറിയശേഷം ഡോ.വി.നാരായണൻ ചുമതലയേറ്റതോടെ പല ശാസ്ത്രജ്ഞർക്കും സ്ഥാനചലനമുണ്ടായി. ചിലർ ഐ.എസ്.ആർ.ഒ വിട്ടുപോയി. നാരായണൻ നേതൃത്വം നൽകിയ രണ്ട് പ്രധാന ദൗത്യങ്ങളും പരാജയപ്പെട്ടു.

 പ്രതിസന്ധികളിലെ രക്ഷകൻ

രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോൾ പരിഹാരവുമായി പറന്നെത്തുന്നതാണ് അജിത് ഡോവലിന്റെ പതിവ്. പി.എസ്.എൽ.വി റോക്കറ്റിന്റെ തുടർ പരാജയങ്ങളുടെ നേരറിയാൻ പത്തുദിവസം മുൻപ് തിരുവനന്തപുരത്തെത്തിയതാണ് ഒടുവിലത്തേത്.ചാർട്ടേഡ് വിമാനമുപയോഗിക്കാവുന്ന പദവിയാണെങ്കിലും ഇൻഡിഗോ വിമാനത്തിൽ സാധാരണ യാത്രക്കാരനെപ്പോലെയായിരുന്നു ഡൽഹിയിൽ നിന്നെത്തിയത്. സുരക്ഷയ്ക്ക് നാല് പൊലീസുകാർ മഫ്തിയിലുണ്ടായിരുന്നു. ആരോടും ആശയവിനിമയം നടത്താതെ തലസ്ഥാനത്തെ രഹസ്യദൗത്യം പൂർത്തിയാക്കി ഡൽഹിക്ക് തിരിച്ചുപറന്നു.

1968ബാച്ച് കേരളാകേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവൽ കാബിനറ്റ് പദവിയോടെ രണ്ടാംവട്ടവും ദേശീയസുരക്ഷാ ഉപദേഷ്‌ടാവായി പ്രവർത്തിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA