SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

വീണ്ടും തുറന്നടിച്ച് പ്രശാന്ത്: ജയതിലക് ഉദ്യോഗസ്ഥരുടെ ജീവിതം നശിപ്പിച്ചു

jayathilak

തിരുവനന്തപുരം : അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരായ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ പോര് പുതിയ തലത്തിലേക്ക്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും റിപ്പോർട്ടും നോട്ടുമെഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ. സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ ഇത് കേൾക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂവെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസത്തെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജയതിലക് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉടൻ പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.അതുവകവയ്ക്കാതെയാണ് പ്രശാന്ത് വീണ്ടും കടന്നാക്രമിച്ചത്.

`ജയതിലകിനെതിരായ കാര്യങ്ങൾ സർക്കാരിന് രേഖാമൂലം എഴുതി നൽകിയാൽ പോരെയെന്ന് ചിലർക്കെങ്കിലും സംശയം തോന്നും. എന്നാൽ അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും സി.ബി.ഐ അന്വേഷണം വരെ എത്തിയാലും മാദ്ധ്യമ കച്ചവട മാഫിയാ സംഘത്തിന്റെ സംരക്ഷണമുള്ളവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്‌കളങ്കതയാണെന്ന് പ്രശാന്ത് തുറന്നടിച്ചു.

ഡോ.ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണമെന്നും അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണ് നല്ലതെന്നും ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല, ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഐ.എ.എസുകാരുടെ സർവീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. അഞ്ചു കൊല്ലം നിയമം പഠിച്ച എനിക്ക് സർവീസ് ചട്ടങ്ങളെക്കുറിച്ച് ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കുമുള്ളതാണെന്നും പ്രശാന്ത് കുറിച്ചു.

വിസിൽ ബ്ലോവറാകാൻ

ഞാനല്ലാതെ ആര്‌‌‌?

പബ്ലിക്ക് സ്ക്രൂട്ടണിയുണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് താൻ 'വിസിൽ ബ്ലോവർ' ആയതെന്ന് പ്രശാന്ത്. ഭരണഘടനയുടെ 311-ാം അനുച്ഛേദത്തിന്റെ സുരക്ഷയിൽ ഒരു ഐ.എ.എസുകാരനെങ്കിലും ധൈര്യപൂർവം ഒരു വിസിൽ ബ്ലോവർ ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്?

ഒരു വിസിൽ ബ്ലോവർക്ക് ഇന്ത്യൻ വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട് 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും പ്രതീക്ഷിക്കുന്നതായും പ്രശാന്ത് പറയുന്നു. (സർക്കാർ വകുപ്പിലോ സ്വകാര്യസ്ഥാപനത്തിലോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അധികാരികളെ അറിയിക്കുന്നയാളാണ് വിസിൽ ബ്ലോവർ.)

എന്തിനാണ് ഭയം,

എല്ലാം പുറത്തുവരും !

തന്റെ തുറന്നെഴുത്ത് തുടരുമെന്ന വ്യക്തമായ സൂചനയാണ് പ്രശാന്ത് നൽകുന്നത്. പൊതുജനമദ്ധ്യത്തിൽ സിവിൽ സർവീസിന്റെ വില കളയാതിരിക്കാൻ മൗനം പാലിക്കണമെന്ന് തന്നെ ചിലർ ഉപദേശിക്കുന്നു. എന്നാൽ വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവീസിലുണ്ടെന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെയും വീടുകളിൽ 'പീഡോഫീലിയ' (പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയിലുണ്ടാകുന്ന ലൈംഗിക ആസ്കതി) പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്കാണിത്!

വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA