
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ പദവികളൊന്നും രാജിവയ്ക്കാൻ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ.കെ.എം.എബ്രഹാം. പദവികളിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിൽ മുൻ ചീഫ് സെക്രട്ടറി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
രാജിവച്ചാൽ അത് ഹർജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടും. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ തനിക്കെതിരെ കേസുമായി പോകുന്നത്. നേരത്തെ ജോമോൻ റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തന്നോട് വൈരാഗ്യമുണ്ടായിട്ടുണ്ട്.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഇതിനു പിന്നിലുണ്ട്. ജേക്കബ് തോമസ് നടത്തിയ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് പുറത്തുകൊണ്ടുവരികയും അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ജേക്കബ് തോമസും ജോമോനൊപ്പം ചേർന്ന് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അപ്പീൽ നൽകിയേക്കും
സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എം.എബ്രഹാം
അപ്പീൽ നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അഭിഭാഷകരുമായി ആശയവിനിമയം നടത്തി. കേസിൽ തന്റെ വാദം കേട്ടില്ലെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണമേറ്റെടുക്കാൻ സി.ബി.ഐ കൊച്ചി യൂണിറ്റ് നടപടി തുടങ്ങിയതായി അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |