
നാല് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്
കാസർകോട്: സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റോഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ കളനാട് സ്വദേശി കെ.കെ. സമീറിനെയും (34 ) റസ്റ്റ് ചെയ്തു. പിടികൂടാനുള്ള ശ്രമത്തിനിടെ ഈയാളുടെ ആക്രമണത്തിൽ കൈക്ക് സാരമായി പരിക്കേറ്റ സി.പി.ഒ ഭക്തസെൽവനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടിയിലാണ് സംഭവം. ലഹരി വസ്തുക്കൾ സ്കൂളിൽ എത്തിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു വിദ്യാർത്ഥികൾ. സെന്റോഫ് പാർട്ടിയിൽ ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉച്ചയോടെ കാസർകോട് ഡിവൈ. എസ്. പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പരിശോധന നടത്തുകയായിരുന്നു. സംശയം തോന്നിയ വിദ്യാർത്ഥികളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് നൽകിയത് സമീറാണെന്ന് പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതിന് സമീറിനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |