SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ഇരുട്ടിൽതപ്പി പാവപ്പെട്ട നേത്ര രോഗികൾ, കാരുണ്യ പദ്ധതിയിൽ അന്ധത തടയാനുള്ള കുത്തിവയ്പ്പില്ല

p

തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ കാരുണ്യയിൽ (കാ‌‌സ്‌പ്) അന്ധത തടയാനുള്ള 'ഇൻട്രാവിട്രിയൽ' കുത്തിവയ്പ്പ് ഉൾപ്പെടുത്താത്തത് പ്രായമായ പാവപ്പെട്ട രോഗികളെ വലയ്ക്കുന്നു. റാനിബിസുമാബ് എന്ന മരുന്നാണ് കുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. കുത്തിവയ്പ്പെടുക്കണമെങ്കിൽ ഈ മരുന്ന് പുറത്തുനിന്ന് 7,000- 10,000 രൂപവരെ മുടക്കി വാങ്ങി നൽകേണ്ട ഗതികേടിലാണ് രോഗികൾ.

50 വയസ് കഴിയുന്നവരിൽ കണ്ടുവരുന്ന പ്രധാന നേത്രരോഗമാണ് ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി). ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് യഥാസമയം എടുത്തില്ലെങ്കിൽ അന്ധതയ്ക്ക് കാരണമാകും. കാ‌സ്‌പിൽ നേത്രരോഗത്തിനുള്ള ശസ്ത്രക്രിയകളുണ്ടെങ്കിലും ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് ഉൾപ്പെടുത്തിയിട്ടില്ല.

കാ‌‌‌സ്‌പിലൂടെ അഞ്ചുലക്ഷം രൂപയുടെ സഹായം ലഭ്യമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾ കാഴ്ചനഷ്ടം തടയാൻ വഴിയില്ലാതെ ഇരുട്ടിൽ തപ്പുകയാണ് പാവപ്പെട്ട രോഗികൾ. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയാണ് സംസ്ഥാനത്ത് കാ‌സ്‌പ് നടപ്പാക്കുന്നത്.

നേത്രചികിത്സാ മരുന്ന്

ഓങ്കോളജി വിഭാഗത്തിൽ

കാസ്‌‌പിൽ തന്നെ സപ്ലിമെന്ററി മരുന്നുകളുടെ പട്ടികയിൽ

ഓങ്കോളജി വിഭാഗത്തിൽ റാനിബിസുമാബ് മരുന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്ക് ഇത് സാധാരണയായി ഉപയോഗിക്കാറില്ലെന്നിരിക്കെയാണിത്. കണ്ണാശുപത്രികളിൽ ഓങ്കോളജി വിഭാഗത്തിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കാനുമാകില്ല. ഈ സാങ്കേതികപ്പിഴവ് തിരുത്തണമെന്ന് ഡോക്ടർമാർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുമുണ്ടായില്ല. അതിനാൽ, പാവപ്പെട്ടവരെ സഹായിക്കാൻ ഓങ്കോളജി വിഭാഗമുള്ള ആശുപത്രികളിലെ ഡോക്ടർമാർ ക്യാൻസർ രോഗികളുടെ പട്ടികയിൽപ്പെപ്പെടുത്തി മരുന്ന് ലഭ്യമാക്കുന്നുണ്ട്. പാവപ്പെട്ട രോഗികളുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാനാണിതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഓങ്കോളജി വിഭാഗമില്ലാത്ത ആശുപത്രികളിൽ ഇതിനാവില്ല.

വഴിമുട്ടി നയനാമൃതവും

പ്രമേഹരോഗികളിലെ നേത്രാരോഗ്യം സംരക്ഷിക്കാൻ 2018ൽ നടപ്പാക്കിയ പദ്ധതിയാണ് നയനാമൃതം. ഇതിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ പ്രമേഹരോഗികളെ സ്ക്രീനിംഗിന് വിധേയരാക്കും. നിരവധിപേരിൽ ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ കണ്ടെത്തുന്നുണ്ടെങ്കിലും ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് സൗജന്യമല്ലാത്തതിനാൽ ഇവരുടെ തുടർചികിത്സ വഴിമുട്ടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KASP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA