
തിരുവനന്തപുരം: വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളകൗമുദിയുടെ വിമർശനങ്ങൾ എക്കാലവും നന്മയ്ക്കു വേണ്ടിയുള്ളതാണെന്നും മന്ത്രി കെ. മുരളീധരൻ. കൗമുദി ടിവിയുടെ 13-ാം വാർഷികാഘോഷം ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ ഉൾക്കൊണ്ടാൽ മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാൽ, ചിലരുടെ വിമർശനങ്ങൾ നന്നാകാൻ വേണ്ടിയല്ല മുടിഞ്ഞ് പോകാൻ വേണ്ടിയാണ്. ജനങ്ങൾക്കു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ശ്രമമുണ്ടാകും.
പിന്നാക്കക്കാർക്ക് വേണ്ടി അന്നും ഇന്നും നിരന്തരം ശബ്ദിക്കുന്ന പത്രമാണ് കേരളകൗമുദി. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന നാട്ടിൽ ഇത് അനിവാര്യമാണ്. പാർട്ടിക്കുള്ളിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഉൾപ്പെടെയുള്ളവ നടക്കുമ്പോൾ പിന്നാക്കക്കാരുടെ എണ്ണം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കിൽ അത് കേരളകൗമുദിയുടെ വിമർശനത്തിന് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്.
മഹത്തായ പാരമ്പ്യരമാണ് കേരളകൗമുദിക്കുള്ളത്. ബ്രേക്കിംഗ് ന്യൂസുകളുടെ കാലത്ത് ഒച്ചപ്പാടും ബഹളവുമില്ലാതെ എല്ലാതരം പരിപാടികൾക്കും പ്രാധാന്യം നൽകിയാണ് കൗമുദി ടിവി മുന്നോട്ടുപോകുന്നത്. സ്ട്രെയിറ്റ്‌ലൈൻ പോലുള്ള പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളകൗമുദി അനുവർത്തിച്ചുവരുന്ന കാഴ്ചപ്പാട് പിന്തുടരുന്ന കൗമുദി ടിവിക്ക് ചാനൽ മത്സരങ്ങൾക്കിടയിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. ചടങ്ങിൽ കേരളകൗമുദിയുടെ ഉപഹാരം വി.എസ്.രാജേഷ് മന്ത്രി കെ.മുരളീധരന് നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി വിഷ്ണുഭക്തൻ, ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, സഫയർ ഇൻസ്റ്റിറ്റ്യൂഷൻസ് എച്ച്.ഒ.ഡി ഡോ.അജിത് കുമാർ, മിൽമ മാർക്കറ്റിംഗ് മാനേജർ ശ്രീകുമാർ, മൈജി ഫ്യൂച്ചർ ബിസിനസ് ഡവലപ്മെന്റ് മാനേജർ അമൽ കൃഷ്ണൻ എന്നിവർ മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, സുധീർകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗായിക ഗായത്രി അശോകൻ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |