SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

അമ്മ മുഖം മാഞ്ഞു, കവിയൂർ പൊന്നമ്മ അന്തരിച്ചു,​ സംസ്കാരം ഇന്ന് വൈകിട്ട് നാലിന്

kaviyoor

kaviyoor

#പതിനാലാം വയസിൽ

തുടങ്ങിയ അഭിനയം

# അറുന്നൂറിലേറെ

സിനിമകൾ

ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിൽ

# രാവിലെ 9ന് കളമശേരി

ടൗൺഹാളിൽ പൊതുദർശനം

കൊച്ചി: മലയാളികളുടെ സ്വന്തം അമ്മയായി വെള്ളിത്തിരയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന

കവിയൂർ പൊന്നമ്മ (79) നിര്യാതയായി. ക്യാൻസർ ബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് 5.33 നായിരുന്നു അന്ത്യം.അറുപത്തിയഞ്ച് വർഷം നീണ്ട അഭിനയജീവിതത്തിനാണ് തിരശ്ശീല വീണത്. അറുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ടുവർഷമായി സിനിമയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ക്യാൻസർ സ്ഥിരീകരിക്കുമ്പോൾ സ്റ്റേജ് 4 എന്ന ഗുരുതര നിലയിലായിരുന്നു. ഈ മാസം മൂന്നിനാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലുവ കരുമാല്ലൂരിലെ വസതിയായ ശ്രീപാദത്തിൽ സഹോദരൻ മനോജിനൊപ്പമായിരുന്നു താമസം.

മൃതദേഹം ഇന്ന് രാവിലെ 9ന് കളമശേരി ടൗൺഹാളിൽ എത്തിക്കും. 12വരെ പൊതുദർശനം. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

വീട്ടിൽ വച്ച് രണ്ടുമാസം മുമ്പ് വീണ് കാലിൽ പൊട്ടലുണ്ടായതോടെ ആരോഗ്യനില വഷളായി.

പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കവിയൂരിൽ ടി.പി. ദാമോദരന്റെയും ഗൗരി ദാമോദരന്റെയും മകളായി 1945 സെപ്തംബർ 10 നാണ് ജനനം. സിനിമാ നിർമ്മാതാവ് പരേതനായ എം.കെ. മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു മിഷിഗൺ സർവകലാശാലയിൽ പ്രൊഫസറായ ഭർത്താവ് വെങ്കട്ടറാമിനൊപ്പം അമേരിക്കയിലാണ്. പരേതയായ നടി കവിയൂർ രേണുക സഹോദരിയാണ്.

സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം 1971, 1972, 1973, 1994 വർഷങ്ങളിൽ നേടി. ഭരത് മുരളി പുരസ്‌കാരം, പി.കെ. റോസി, കലാരത്നം പുരസ്‌കാരം, സംസ്കാരിക വകുപ്പിന്റെ പ്രത്യേക അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മുൻനിരതാരങ്ങളുടെ അമ്മയായും പൃഥ്വിരാജിന്റെ ഉൾപ്പെടെ മുത്തശിയായും വേഷമിട്ടു.

നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് കെ.പി.എ.സിയുടെ 'മൂലധനം' നാടകത്തിൽ പതിനാലാംവയസിൽ പൊന്നമ്മയ്ക്ക് വേഷം നൽകിയത്. ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രത്തിന്റെ 'ഡോക്ടർ' നാടകത്തിലും അഭിനയിച്ചു. 1962ൽ ആദ്യമായി സിനിമയിലെത്തി. മെരിലാൻഡ് സുബ്രഹ്മണ്യം സ്വാമി നിർമ്മിച്ച ശ്രീരാമപട്ടാഭിഷേകത്തിൽ മണ്ഡോദരിയുടെ ചെറുവേഷമാണ് അവതരിപ്പിച്ചത്. 1964ൽ കുടുംബിനിയിലെ അമ്മ വേഷം ശ്രദ്ധിക്കപ്പെട്ടു. 1965ൽ 22-ാം വയസിൽ തൊമ്മനും മക്കളും സിനിമയിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി. മോഹൻലാലിന്റെ അമ്മയായി 50 ലേറെ സിനിമകളിൽ തിളങ്ങി. ഇരുവരും ചേർന്നുള്ള അഭിനയമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

റോസി സിനിമയിൽ നായികയായി. റോസിയുടെ നിർമ്മാതാവ് മണിസ്വാമിയെ 1965ൽ വിവാഹം ചെയ്‌തു. പെരിയാർ സിനിമയിൽ മകനായി അഭിനയിച്ച തിലകന്റെ ഭാര്യയായി ചെങ്കോൽ, കിരീടം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നെടുമുടി വേണു, മുരളി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മേഘതീർത്ഥം എന്ന സിനിമ നിർമ്മിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVIYOOR PONNAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA