
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടുന്നവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ജനം വോട്ട് ചെയ്യാൻ സാദ്ധ്യതയുള്ളവരെ കണ്ടെത്തണം. വീടുകൾ കയറിയിറങ്ങി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തണം. സർക്കാരിന്റെ ജനദ്രോഹ നടപടികൾ വീടുവീടാന്തരം പ്രചരിപ്പിക്കണം. ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് വാർഡ് പ്രസിഡന്റുമാരുടെ ഉത്തരവാദിത്വം. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വാർഡ് പ്രസിഡന്റുമാർക്ക് പാർട്ടിയിൽ കൂടുതൽ അവസരം നൽകും. മറിച്ചു പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടുവരണം. അഭിപ്രായ വ്യാത്യാസങ്ങൾ പറഞ്ഞുതീർക്കണം.
സർക്കാരിന്റെ ജനദ്രോഹ നടപടികൾ മറച്ചുവയ്ക്കാൻ കോൺഗ്രസിൽ അടിയാണെന്ന് വരുത്തിത്തീർക്കുകയാണ്. അതിനായി പി.ആർ ഏജൻസികളെയാണ് ഉപയോഗിക്കുന്നത്. ജനദ്രോഹ സർക്കാരിനെ താഴെയിറിക്കുന്നതിനുള്ള ആദ്യപടിയാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പെന്നും അത് നഷ്ടപ്പെടുത്തരുതെന്നും വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റ് വി.എം.സുധീരൻ, എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, നേതാക്കളായ കെ.പി.ശ്രീകുമാർ, എൻ.ശക്തൻ, വി.എസ്.ശിവകുമാർ, ജി.സുബോധൻ, ശരത്ചന്ദ്രപ്രസാദ്, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ് തുടങ്ങിയവർ സംസാരിച്ചു. 1456 വാർഡ് പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |