
കൊല്ലം: കേന്ദ്ര സർക്കാർ കടൽക്കൊള്ള നടത്തുമ്പോൾ പിണറായി സർക്കാർ കാവൽ നിൽക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. കൊല്ലം ഡി.സി.സിയും മത്സ്യത്തൊഴിലാളി കോൺഗ്രസും സംഘടിപ്പിച്ച സമുദ്ര രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടൽക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ കള്ളക്കളി ആർക്കു വേണ്ടിയാണ്?. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് സമരം ചെയ്യാനുള്ള തന്റേടം എന്തു കൊണ്ട് സംസ്ഥാന സർക്കാർ കാട്ടിയില്ല. കേരള സർക്കാരിന്റെ മൗനം ഭയപ്പെടുത്തുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും കടൽ മണൽ ഖനനം സംബന്ധിച്ച് മൗനം നടിച്ചു. നിയമസഭ ചേർന്നിട്ടും പ്രമേയം പാസാക്കാൻ തയ്യാറായില്ല. കേരളത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ട വിഷയമായിട്ടും എന്തുകൊണ്ട് തയ്യാറായില്ല.
കടലിനെയും മത്സ്യത്തൊഴിലാളികളെയും ഒരു പോലെ ബാധിക്കുന്ന വിഷയത്തിന് വലിയ പ്രാധാന്യം എൽ.ഡി.എഫ് സർക്കാർ കാണുന്നില്ലെങ്കിൽ അത് തുറന്നു പറയാൻ തയ്യാറാകണം. തമിഴ്‌നാട്ടിൽ മധുരയ്ക്ക് സമീപം ടങ്സ്റ്റൺ കമ്പനിക്ക് ഖനനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോൾ അത് റദ്ദാക്കാൻ അവിടത്തെ മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ ഇടപെടലുകൾ കേരളത്തിലെ ഇടതു സർക്കാർ കണ്ടുപഠിക്കണം. നിയമസഭ വിളിച്ചുകൂട്ടി ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചു. ഒറ്റക്കെട്ടായുള്ള തമിഴ്‌നാടിന്റെ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടിവന്നത് നമുക്ക് മുന്നിലുണ്ടെന്നും കെ.സി ചൂണ്ടിക്കാട്ടി.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ടി.എൻ.പ്രതാപൻ, പഴകുളം മധു, ബിന്ദുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |