
കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ഇന്നലെയും പ്രതിഷേധം ആളിക്കത്തി. ദിവ്യയുടെ ഇരിണാവിലുള്ള വീടിന് മുന്നിലേക്ക് പ്രതിപക്ഷ സംഘടനകൾ വൻ പ്രതിഷേധവുമായി എത്തിയതോടെ വീടിന് സ്ത്രീകൾ ഉൾപ്പെടെ ഒരു കൂട്ടം സി.പി.എം പ്രവർത്തകർ സംരക്ഷണ കവചം തീർത്തു. ദിവ്യയുടെ രോഗബാധിതരായ മാതാപിതാക്കളുടെ സുരക്ഷ കണക്കിലെടുത്താണ് തങ്ങൾ എത്തിയതെന്നാണ് ഇവർ പറഞ്ഞത്. വീടിന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. വീടിന് മുന്നിലെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയുടെ വക്കോളമെത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തരയോടെ ബി.ജെ.പി പ്രവർത്തകരും വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. ഇവരെ കണ്ണപുരം റോഡിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്നലെ കോർപ്പറേഷൻ പരിധിയിൽ ബി.ജെ.പി ഹർത്താൽ ആചരിച്ചു.
കൂട്ട അവധിയെടുത്ത് ജീവനക്കാർ
റവന്യു ജീവനക്കാർ ഇന്നലെ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിച്ചു. കളക്ടറേറ്റ് പരിസരത്ത് പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധജാഥ നടത്തി. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് മാർച്ച് നടത്തി. പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |