SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

പെട്രോൾ പമ്പിന് എൻ.ഒ.സി: പ്രശാന്തന്റെ പരാതിയിൽ അടിമുടി ദുരൂഹത

READ ENGLISH VERSION
s

കണ്ണൂർ: ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന സംരംഭകൻ ടി.വി.പ്രശാന്തന്റെ പരാതിയിൽ അടിമുടി ദൂരൂഹത. ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്ന് കണ്ണൂരിലെ വിജിലൻസ് വ്യക്തമാക്കുന്നു. റവന്യൂ മന്ത്രിക്ക് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിലും ഇങ്ങനെയൊരു പരാതി ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

സർക്കാരിലും പാർട്ടിയിലും പിടിപാടുണ്ടായിട്ടും കൈക്കൂലിക്കാര്യം വിജിലൻസിനെ അറിയിക്കാത്തതും ദുരൂഹമാണ്. സംഭവം വിവാദമായിട്ടും പാർട്ടി പ്രതിരോധത്തിലായിട്ടും പരാതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും മൗനത്തിലാണ്.

എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കൊടുത്തെന്ന് പറയുന്ന പരാതി പുറത്തുവന്നത്.

പെട്രോൾ പമ്പിന് അനുമതി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ കൊടുത്തുവെന്നും പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ പമ്പുടമ ടി.വി.പ്രശാന്തൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ പത്തിന് നൽകിയെന്നു പറയുന്ന പരാതിയിൽ ആരോപിക്കുന്നു.

പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വച്ചാണ് പണം നൽകിയത്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. പൈസ ചോദിക്കുന്നതിന്റെ തെളിവില്ല. അത് നേരിട്ട് ചോദിച്ചതാണ്. ക്വാർട്ടേഴ്സിൽ വരണം എന്നത് മാത്രമാണ് ശബ്ദരേഖയിൽ ഉള്ളതെന്നു പരാതിക്കാരൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

സത്യം പറയുന്ന

തെളിവുകൾ

1. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പരാതി അയയ്ക്കുന്നവർ സി.എം.ഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ-മെയിലിൽ ലഭിക്കും. അത് എവിടെ എന്ന ചോദ്യത്തിന് പ്രശാന്തൻ മറുപടി നൽകുന്നില്ല.

2. പരാതി ഉന്നയിച്ച പ്രശാന്തനും എൻ.ഒ.സിക്ക് അപേക്ഷിച്ച മറ്റൊരു സംരംഭകനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. ഈ സംഭാഷണത്തിൽ എ.ഡി.എം കൈക്കൂലിക്കാരൻ അല്ലെന്നാണ് പ്രശാന്തൻ പറയുന്നത്. എൻ.ഒ.സി ലഭിക്കാത്തത് പൊലീസ് റിപ്പോർട്ട് എതിരായതിനാലെന്നും ഫോൺ സംഭാഷണത്തിലുണ്ട്.

3. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഒക്ടോബർ ആറിന് കൈക്കൂലി നൽകി എന്നാണ്. എന്നാൽ ഒക്ടോബർ ഏഴാം തീയതി നടത്തുന്ന ഫോൺ സംഭാഷണത്തിലാണ് എ.ഡി.എം കൈക്കൂലിക്കാരൻ അല്ലെന്ന് പറയുന്നത്.താൻ ആദ്യം അങ്ങനെയാണ് കരുതിയത്. എന്നാൽ തനിക്ക് എൻ.ഒ.സി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണെന്നും വ്യക്തമായി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA