SignIn
Kerala Kaumudi Online
Friday, 23 October 2026 4.04 AM IST

വഴിമുട്ടി നിമിഷപ്രിയയുടെ മോചനം

READ ENGLISH VERSION
nimishapriya

കൊച്ചി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ വഴിമുട്ടി. കുടുംബത്തിന് ദയാധനം നൽകി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമങ്ങളോട് കൊല്ലപ്പെട്ടയാളുടെ സഹോദരനും സഹോദരിയും സഹകരിക്കുന്നില്ലെന്നും ചർച്ചകളിൽനിന്ന് ഗോത്രത്തലവന്മാർ പിൻവലിഞ്ഞെന്നുമാണ് വിവരം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ വ്യവസ്ഥാപിത സർക്കാരില്ലാത്തതിനാൽ നയതന്ത്രനീക്കങ്ങൾക്ക് പരിമിതികളേറെയാണ്. 1996ന് ശേഷം യെമനിൽ സ്ത്രീകളെ വധശിക്ഷയ്‌ക്കു വിധേയരാക്കിയിട്ടില്ലെന്നതാണ് ഏക ആശ്വാസം.
ഏപ്രിൽ 20ന് യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഒരു തവണ മാത്രമാണ് നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുടെ താമസം.

ഗോത്രത്തലവന്മാർ കൂടുതൽ പണം ആവശ്യപ്പെടുന്നതായാണ് യെമനിലെ അഭിഭാഷകൻ പറയുന്നത്. മോചനത്തിന് 40,000 ഡോളർ വേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പൊതുജനങ്ങളിൽനിന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചെടുത്ത 20,000 ഡോളർ കൈമാറിയിരുന്നു.

സ്പോൺസർഷിപ്പ് തേടി കുരുക്കിലായി

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. 2012ലാണ് ഭർത്താവ് ടോമിക്കൊപ്പം നിമിഷപ്രിയ നഴ്‌സായി യെമനിൽ ജോലിക്കെത്തിയത്. സ്വന്തമായി ക്ലിനിക് തുടങ്ങാൻ തലാലിന്റെ സഹായം തേടി. സ്വദേശിയുടെ സ്‌പോൺസർഷിപ്പില്ലാതെ സംരംഭം തുടങ്ങാനാവില്ല. നിമിഷപ്രിയയും ഭർത്താവും കൈമാറിയ പണം തലാൽ കൈക്കലാക്കി. ഇതിനിടെ ടോമിക്ക് നാട്ടിലേക്കു മടങ്ങേണ്ടിവന്നു. അതോടെ തലാലിന്റെ സ്വഭാവം മാറിയെന്നും ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്നുമാണ് നിമിഷപ്രിയയുടെ വാദം. അധികൃതർക്ക് പരാതിനൽകിയതിന് ക്രൂരമായി മർദ്ദിച്ചു. പിന്നീട് തലാലിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതോടെയാണ് നിമിഷപ്രിയ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA