
തൃശൂർ: സമയം ഉച്ചയ്ക്ക് 12. തുലാമാസ മഴക്കാറ് ഉരുണ്ടുകൂടും മുമ്പേയുള്ള ചൂടും വെയിലും. യാഗഭൂമിയെന്ന് അറിയപ്പെടുന്ന പാഞ്ഞാൾ ഒലിപ്പാറ മേഖല. സാംബവ സമുദായത്തിന് മുൻതൂക്കമുള്ള ഇടം. സ്ഥാനാർത്ഥി എത്തും മുമ്പേ പ്രാദേശിക നേതാക്കൾ വീടുകളിലെത്തി. ഒരു വീടിന്റെ അടുക്കളപ്പുറത്ത് നിന്നും ശബ്ദം കേട്ടു. 'ആരാ മോനെ നമ്മുടെ പാട്ടുക്കുട്ടിയാണോ'... 'അതേ ചേച്ചി'... നേതാവ് പറഞ്ഞു. പ്രസന്നവദനയായി കാറിൽ നിന്ന് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇറങ്ങി. ഒപ്പം മണ്ഡലത്തിലെ യു.ഡി.എഫിന്റെ നേതാക്കളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സേവാദൾ പ്രവർത്തകരും. കാറിൽ നിന്നിറങ്ങിയ ഉടനെ ഉറക്കെ വിളിച്ചുപറഞ്ഞു. ചേച്ചി 'സുന്ദരിയായ' ഞാൻ വന്നിട്ടുണ്ട്. കണ്ടുനിന്നവർ കൈകളുയർത്തി അഭിവാദ്യം ചെയ്തു. ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. അഞ്ച് വർഷം,ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്നു.
അൽപ്പസമയം കൊണ്ട് ചുറ്റും ചെറിയൊരു ആൾക്കൂട്ടമായി. പലരും വന്നു കെട്ടിപ്പിടിച്ചു. എല്ലാവരോടുമായി സ്‌നേഹാന്വേഷണം. ഊണ് കഴിച്ചോ... പണികഴിഞ്ഞോ...തുടങ്ങി കൊച്ചുവർത്തമാനങ്ങൾ. ഇതിനിടെ ഫോണിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിളി. ഉടനെ ഫോണെടുത്തു. സാറേയെന്ന് അഭിസംബോധന ചെയ്തു. വ്യക്തിപരമായി നാളെ കുറച്ച് വീടുകളിൽ പോകാനുണ്ട്. അതനുസരിച്ച് പ്രചാരണമൊന്ന് ക്രമീകരിക്കണം... തിരുവഞ്ചൂരിന്റെ നിർദ്ദേശം.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾ ചേലക്കരയിൽ യു.ഡി.എഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രമ്യ പറഞ്ഞു. ആരോടും ഒന്നും പറയേണ്ട കാര്യമില്ല. എല്ലാം ജനം കാണുന്നതല്ലേ. അത്രയും മോശമായ സ്ഥിതിയിലാണ് സംസ്ഥാനത്തെ കാര്യങ്ങൾ. പ്രവർത്തകരിലുള്ള ആത്മവിശ്വാസം വലിയൊരു ഊർജ്ജമാണെന്നും അവർ പറഞ്ഞു. ഒട്ടേറെ പട്ടികജാതി ഉന്നതികൾ സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ചേലക്കര. ചരിത്രം പേറുന്ന ഭാരതപ്പുഴയും കലാമണ്ഡലവും തിരുവില്വാമല വില്വാദ്രി നാഥ ക്ഷേത്രവും കുത്താമ്പിള്ളിയും തുടങ്ങി ഒട്ടേറെ കലാസാംസ്‌കാരിക പൈതൃകമുള്ള മണ്ണ്. സംസാരത്തിനിടെ പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീറെത്തി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന കാര്യം ഓർമ്മപ്പെടുത്തി. ഇതോടെ ഒരിക്കൽ കൂടി എല്ലാവരോടും കൈകളുയർത്തി യാത്ര പറഞ്ഞു. സഹായിക്കണം. വീണ്ടും വരാം. വാഹനം അടുത്ത കേന്ദ്രത്തിലേക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |