SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനം തുടങ്ങി

d

തിരുവനന്തപുരം: പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന് വലിയതുറ കടപ്പുറത്ത് തുടക്കമായി.
മുതിർന്ന വനിത നേതാവ് തെരമ്മ പ്രായിക്കളത്തിന്റെ നേതൃത്വത്തിൽ കടലവകാശ പ്രതിജ്ഞയോടെയാണ് ഇന്ത്യ ഫിഷർവിമൺ അസംബ്ലിക്ക് തുടക്കമായത്. കടലിലെയും കടൽ വിഭവങ്ങളിലെയും അവകാശങ്ങൾ തങ്ങൾക്കാണെന്ന സൂചനയുമായി കുടങ്ങളിൽ കടൽവെള്ളം ശേഖരിച്ച് ഫാ. തോമസ് കോച്ചേരി സെന്ററിലേക്ക് അവകാശ സംരക്ഷണ റാലി നടത്തി. ആത്മാഭിമാനവും തുല്യതയും തൊഴിലിടങ്ങളിൽ ഉറപ്പുവരുത്തണമെന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമ്മേളനം ഭരണകൂടങ്ങളുടെ ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമായി മാറി.

വനിത മത്സ്യത്തൊഴിലാളികളുടെ ശബ്ദം കേൾക്കാൻ അധികാരി വർഗ്ഗം തയ്യാറാകുന്നില്ലെന്നും ഒരുമിച്ചു നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്നും ഡബ്ലിയു.എഫ്.എഫ്.പി സി.സി മെമ്പർ ജേസു രത്നം പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനം, ഖനനം, തുറമുഖ പദ്ധതികൾ തുടങ്ങിയവയിലൂടെ സമുദ്രസമ്പത്തിനെ ചൂഷണം ചെയ്യാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ് ബ്ലൂ എക്കേണമിയെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. അന്തർദേശീയ വനിത മത്സ്യത്തൊഴിലാളി ദിനമായി നവംബർ 5 ആചരിക്കണമെന്ന് സിസ്റ്റർ തെരമ്മ പ്രായിക്കളം അറിയിച്ചു.
മത്സ്യത്തൊഴിലാളി നേതാക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ പൂർണിമ മഹർ, രാജി ആന്റണി, ബേബി മേഴ്സി, വാസന്തവല്ലി, കെബിസ്റ്റിൻ, ലൈല അലിയാർ കുഞ്ഞ് എന്നിവർക്ക് സമ്മാനിച്ചു.
ചത്തീസ്ഗഡിലെ ആദിവാസി നേതാവ് സോണി സോറി, ട്രേഡ് യൂണിയൻ നേതാവ് സുചേത ദേ, പരിസ്ഥിതി പ്രവർത്തകൻ സൗമ്യ ദത്ത, ജാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തക അലോക് കജൂർ, എൻ.എ.പി.എം സംഘാടക മീര സംഘമിത്ര, ദലിത് - ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, ബംഗളൂരുവിലെ സ്ത്രീ ജാഗ്രതി സമിതി സഹസ്ഥാപക ഗീത മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ലോക മത്സ്യ ത്തൊഴിലാളികളുടെ സമ്മേളനം 14 മുതൽ ബ്രസീലിൽ നടക്കുന്നതിന് മുന്നോടിയായാണ് ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനം നടത്തിയത്. 11 സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം വനിത മത്സ്യത്തൊഴിലാളികളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA