
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം വോട്ടർ പട്ടിക പ്രകാരമുള്ള ജനസംഖ്യ കണക്കാക്കി വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര സെൻസസ് കമ്മിഷണറുടേയും വിശദീകരണം തേടി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ്കുമാറടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി.
സംസ്ഥാനത്തെ വാർഡ് വിഭജന നടപടികൾ ഇപ്പോൾ 2011ലെ ജനസംഖ്യാ കണക്കെടുപ്പ് ആധാരമാക്കിയാണ്. തുടർന്നുള്ള 13 വർഷം ജനസംഖ്യയിൽ ഗണ്യമായ മാറ്റമുണ്ടായെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതു വിലയിരുത്താൻ ഔദ്യോഗികമായി അവലംബിച്ചിരിക്കുന്ന രീതി അശാസ്ത്രീയമാണ്. വാർഡിലെ പാർപ്പിടങ്ങളുടെ എണ്ണത്തെ കുടുംബാംഗങ്ങളുടെ ശരാശരി എണ്ണവുമായി ഗുണിച്ചാണ് ജനസംഖ്യ തിട്ടപ്പെടുത്തിയിരിക്കുന്നത്.
ഉദാഹരണത്തിന് കഠിനംകുളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ 2011ലെ സെൻസസ് പ്രകാരം 1937പേരാണ്. കെട്ടിടങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പുതിയ കണക്ക് 3567 ആണ്. അതായത് 2011നെ അപേക്ഷിച്ച് 85 ശതമാനം കൂടുതൽ. ഇത് പെരുപ്പിച്ച കണക്കാണെന്നും വാർഡിലെ ഫ്ലാറ്റുകളടക്കമുള്ള പാർപ്പിടങ്ങളിൽ 60 ശതമാനം ഇതര ജില്ലക്കാരും ഇതര സംസ്ഥാനക്കാരുമാണെന്നും ഹർജിയിൽ പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുമുണ്ട്. ഇക്കാരണത്താൽ വാർഡ് വിഭജനത്തിന് വോട്ടർപട്ടിക അടിസ്ഥാനമാക്കാൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം. ഹർജി വീണ്ടും ഡിസംബർ 4ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |