
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ചിട്ടും കേരളത്തിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു.
സ്ഥലം വാങ്ങിയും വീട് നിർമ്മിച്ചു നൽകാൻ തയ്യാറാണെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കണമെന്നും കത്തിൽ പറയുന്നു. ആഗസ്റ്ര് മൂന്നിന് വയനാട് സന്ദർശിച്ചപ്പോഴാണ് മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് നൂറു വീടുകൾ നൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.
പ്രഖ്യാപനം കർണാടക ചീഫ് സെക്രട്ടറി ഡോ.ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതി എങ്ങനെ നടപ്പാക്കണമെന്നും എവിടെ നടപ്പാക്കണമെന്നും ഗുണഭോക്താക്കളെ എങ്ങനെ നിശ്ചയിക്കണമെന്നും എത്ര തുക ഇതിനുവേണ്ടിവരുമെന്നും ഉള്ളതടക്കം തുടർ ആശയവിനിമയം കേരളം നടത്തിയില്ല. സ്ഥലം വാങ്ങി വീടു വയ്ക്കാൻ ഇപ്പോഴും തയ്യാറാണെന്നും തുടർ നടപടികൾ എങ്ങനെ വേണമെന്നും അറിയിക്കണമെന്നും കത്തിൽ പറയുന്നു.
ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകളും സ്വകാര്യ വ്യക്തികളും സംഘടനകളും ഇക്കാര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനുള്ള സന്നദ്ധത രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അതിലും വേണ്ടവിധം തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ടൗൺഷിപ്പ് നിർമ്മാണത്തിലടക്കം സഹകരിക്കാൻ തയ്യാറാണെന്ന് അന്ന് പലരും വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിന് ഉദാഹരണമാണ് കർണാടക മുഖ്യമന്ത്രിയുടെ കത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |