
ഭൂമി കിട്ടിയാൽ ഒരു മണിക്കൂറിനകം തുടർനടപടി
തിരുവനന്തപുരം: വയനാട് ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് വീടും നിർമ്മാണസാമഗ്രികളുമടക്കം വാഗ്ദാനം ചെയ്തവരുടെ യോഗം ജനുവരിയിൽ മുഖ്യമന്ത്രി പിണറായിവിജയൻ വിളിച്ചുചേർക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളുടെ യോഗം രണ്ടു ഘട്ടമായി നടത്തും. ഒരു വീട് വാഗ്ദാനം ചെയ്തവരുമായും ചർച്ച നടത്തും. ടൗൺഷിപ്പുകൾ നിർമ്മിക്കാൻ കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കേസിൽ ഉത്തരവുണ്ടായാൽ കേന്ദ്രസഹായത്തിന് കാത്തുനിൽക്കാതെ ഒരു മണിക്കൂറിനകം പുനരധിവാസത്തിന് നടപടിയെടുക്കും.
ടൗൺഷിപ്പ് വേണമെന്നതിനാലാണ് പുനരധിവാസത്തിന് പ്ലാന്റേഷനുകൾ വേണ്ടിവന്നത്. സുരക്ഷിതമായ നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകൾ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം വിട്ടുകിട്ടാൻ സമയെടുക്കുമെന്നതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം വേഗത്തിൽ ഏറ്റെടുക്കുന്നത്. ഭൂമിവില കോടതിയിൽ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തർക്കം തീരുമ്പോൾ യഥാർത്ഥ അവകാശികൾക്ക് പണം കൈമാറാം. ടൗൺഷിപ്പിൽ താത്പര്യമില്ലാത്തവർക്ക് നഷ്ടപരിഹാരം പണമായി നൽകും. സ്ഥിരം പുനരധിവാസം വരെ ആരുടെയും വീട്ടുവാടക മുടങ്ങില്ല. ദുരന്തബാധിതരുടെ ആദ്യപട്ടിക ഉത്തരവിറങ്ങിയിട്ടുണ്ട്. ആക്ഷേപം 15 ദിവസത്തിനകം അറിയിക്കാം. ജനുവരി 15നകം അന്തിമപട്ടികയുണ്ടാവും.
സ്കൂൾ, അങ്കണവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പാവും നിർമ്മിക്കുക. അർഹമായ സഹായം കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 2221കോടിയുടെ പുനർനിർമ്മാണ ചെലവിന്റെ കണക്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |