SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

വിദ്യാഭ്യാസ സെമിനാർ ഉദ്‌ഘാടനം ചെയ്ത് മന്ത്രി ശിവൻകുട്ടി ഗുരുദേവൻ വിദ്യ ഉപദേശിച്ചത് അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിന്

d

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ ഉയർച്ചയുണ്ടാകൂ എന്ന് മനസിലാക്കി,അവർക്കായി വിദ്യ പകർന്നു നൽകുകയും സവിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്ത മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് മന്ത്രി വി.ശിവൻകുട്ടി. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരേണ്യരുടെ ഭാഷയായ സംസ്കൃതത്തെ സാധാരണക്കാർക്ക് കൂടി പ്രാപ്തമാക്കിയത് ഗുരുദേവനാണ്. ശിവഗിരിയിൽ വിദ്യയുടെ ദേവതയായ ശാരദാദേവിയെ അദ്ദേഹം പ്രതിഷ്ഠിച്ചതും ഇതേ ചിന്തയോടെയാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള വിദ്യാഭ്യാസമാണ് കേരളം നടപ്പിലാക്കി വരുന്നത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം ഒപ്പിട്ടില്ലെന്ന പേരിൽ പൊതു വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി.ആർ.അനിൽ

വിദ്യകൊണ്ട് സ്വാതന്ത്രരാകുകയെന്ന ഗുരുസന്ദേശം ഉൾക്കൊണ്ടതിനാലാണ് വിദ്യാഭ്യാസത്തിൽ മലയാളിക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ബഹുദൂരം മുന്നോട്ടുപോകാൻ സാധിച്ചതെന്ന് മന്ത്രി ജി.ആർ.അനിൽ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരേണ്യ വർഗത്തിലുള്ളവർക്ക് മാത്രം വിദ്യാഭ്യാസം പ്രാപ്യമായിരുന്ന കാലത്തു നിന്നും 15 വയസ്സുവരെയുള്ള എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്ന നിലയിൽ സംസ്ഥാനം മാറിയതിന് പിന്നിൽ ഗുരുദേവ ദർശനത്തിന്റെ സ്വാധീനമുണ്ട് .കേരളം നേടിയ മഹത്തായ നേട്ടങ്ങളിൽ ഗുരുവിന്റെ ചിന്തകളും ഇടപെടലുകളും സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ . എം.എൻ.സോമൻ

ശക്തമായ സംഘടനാ പ്രവർത്തനത്തിലൂടെ ഗുരുദേവൻ ലക്ഷ്യമിട്ട പ്രവർത്തന മേഖലകളിലേക്ക് നടന്നടുക്കാനും വിജയത്തിലെത്തിക്കാനും കഴിഞ്ഞ കാലഘട്ടത്തിലൂടെയാണ് എസ്.എൻ.ഡി.പി യോഗം കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഡോ.എം.എൻ.സോമൻ പറഞ്ഞു . വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവിന്റെ സന്ദേശം ഏറ്റെടുത്ത മഹാനായ ആർ .ശങ്കറിന്റെ സജീവ ഇടപെടലിന്റെ ഫലമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ നമുക്ക് ഏറെ മുന്നേറാൻ കഴിഞ്ഞത്.ടി.കെ.മാധവനും ആർ.ശങ്കറിനും ശേഷം യോഗത്തിന്റെ സുവർണ്ണ കാലമെന്ന് വിശേഷിപ്പിക്കാൻ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.സംഘടനാ രംഗത്തും വിദ്യാഭ്യാസ, സാമ്പത്തിക കാര്യങ്ങളിലും സമുദായം ഇന്ന് ഉയർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി

പി.വിജയൻ

അന്ധതയിൽ നിന്നും അടിമത്തത്തിൽ നിന്നും മോചനം നേടാൻ ഗുരു ഉപദേശിച്ച മാർഗ്ഗമാണ് വിദ്യാഭ്യാസമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി പി.വിജയൻ പറഞ്ഞു. പരീക്ഷകളിൽ എ പ്ലസ് നേടുകയല്ല , ജീവിതത്തിൽ എ പ്ലസ് നേടുകയെന്നതാവണം വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. വി.പി. ജഗതിരാജ്

വിദ്യാഭ്യസമില്ലായ്മയാണ് എല്ലാ അസ്വാതന്ത്ര്യത്തിനും ഹേതുവെന്ന് നാം തിരിച്ചറിയണമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു.വിദ്യാഭ്യസത്തിലൂടെ മാത്രമേ അറിവ് സമ്പാദിക്കാനാവൂ. 21 -ാം നൂറ്റാണ്ടിലും ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളാണ് നമ്മെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ജി. സുബോധൻ


കാലം കഴിയുന്തോറും പ്രസക്തി വർദ്ധിക്കുന്ന ഗുരുദേവ കൃതികൾ പാഠ്യവിഷയമാക്കുന്നതിനുള്ള ശ്രമം ഇല്ലാതെ പോകുന്ന സ്ഥിതി ദുഃഖകരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. കാലികപ്രസക്തിയുള്ള ഗുരുദേവ കൃതികൾ പാഠ്യ വിഷയമാകാത്തത് ദുരൂഹമാണ് . യോഗത്തിൽ പ്രമുഖ വ്യവസായി വേണു കുന്നപ്പള്ളി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം,ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.പി.ജയൻ ഡോ.അജയൻ പനയറ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീർത്ഥ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA