
ശിവഗിരി: അധഃസ്ഥിത, പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ആധുനിക കാലഘട്ടത്തിലും ഈ വിഭാഗങ്ങൾക്ക് സാമൂഹിക നീതി കൈവരിക്കാനായിട്ടില്ല. 92-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും അധ:സ്ഥിതരുടെ ഉന്നമനത്തിനായി യത്നിക്കുന്നുണ്ട്. സാമൂഹിക നീതിക്കായി നിലകൊണ്ട ഗുരുവിന്റെ ശിഷ്യപരമ്പര അത്തരം പ്രവർത്തനങ്ങൾ തുടരുന്നു. അവഗണിക്കപ്പെട്ടു കഴിയുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള കടമയും കടപ്പാടും നമുക്കുണ്ട്.
രാഷ്ട്രമീമാംസകനായിരുന്ന ഗുരുവിന്റെ തത്വദർശനം രാജ്യ നവോത്ഥാനത്തിന് ശക്തമായ പ്രേരകശക്തിയായി. കേരളവികസനത്തിനും ഈ ദർശനം അനല്പമായ സംഭാവനയാണ് നൽകിയിട്ടുള്ളത്. ഗുരുദർശനത്തിൽ നിന്ന് ആശയും ആവേശവും കൈവരിച്ചതിലൂടെ ഒരളവ് വരെയെങ്കിലും സാമൂഹിക നീതി കൈവരിക്കാനായി. അരുവിപ്പുറം ശിവപ്രതിഷ്ഠ ഇതിന്റെ ഭാഗമാണ്.
മുഖ്യശ്രേണിയിൽ നിന്ന് പിന്തള്ളപ്പെട്ട ജനവിഭാഗത്തെ കാത്തുരക്ഷിക്കുകയായിരുന്നു ഗുരു. അതിനായിട്ടാണ് അദ്ദേഹം എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചത്. ഡോ.പല്പുവും മഹാകവി കുമാരനാശാനും ഉത്തമശിഷ്യരായി നിന്ന് പ്രവർത്തിച്ചു. സ്ത്രീസമാജം ആദ്യമായി രൂപീകരിച്ചത് ഗുരുവിന്റെ മഹിത സംഭാവനയാണ്. 1905ൽ ആദ്യമായി കാർഷിക പ്രദർശനം കൊല്ലത്ത് സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ്. ഗുരു മുന്നോട്ടു വച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് നാലു പതിറ്റാണ്ടിന് ശേഷം അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രയോഗപഥത്തിൽ കൊണ്ടുവന്നു.
ഇതൊക്കെയാണെങ്കിലും ആധുനിക കേരള സൃഷ്ടിക്ക് ഗുരുദേവ പ്രസ്ഥാനങ്ങളും ശിഷ്യപരമ്പരയും നൽകിയ സേവനങ്ങൾ വേണ്ട രീതിയിൽ വിലയിരുത്തപ്പെട്ടിട്ടില്ല. വത്തിക്കാൻ ലോക മതപാർലമെന്റിൽ, ലോകം ഒരു കുടുംബമെന്ന ഗുരുവിന്റെ കാഴ്ചപ്പാടിനെ മാർപാപ്പ പ്രശംസിക്കുകയുണ്ടായി. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സർവമത സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവഗിരി മഠമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |