
□സി.പി.എമ്മിന് നിർണായകം
കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം നേതാക്കളടക്കമുള്ള പ്രതികൾക്ക് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയ കേസിന്റെ വിധി കേരളത്തിൽ വീണ്ടും രാഷ്ട്രീയ പ്രകമ്പനങ്ങൾക്കിടയാക്കും.
ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28ന് ജഡ്ജി എൻ. ശേഷാദ്രിനാഥൻ വിധിച്ചിരുന്നു. 10 പേരെ കുറ്റമുക്തരാക്കി. ശിക്ഷ നേരിടേണ്ട പ്രതികളിൽ 10 പേർക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു. സി.പി.എം പ്രാദേശിക നേതാവായിരുന്ന എ. പീതാംബരനാണ് ഇരട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ. ഒന്നാം പ്രതിയായ പീതാംബരനടക്കം 8 പേർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.രാഷ്ട്രീയ ഭിന്നതയും മുൻ വൈരാഗ്യവും കാരണം കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് പൊലീസും ക്രൈം ബ്രാഞ്ചുമാണ്. സി.പി.എം നേതാക്കളിലേക്ക് എത്താതെ കേസ് ഒതുക്കാനുള്ള ശ്രമം ഉന്നതതലത്തിലുണ്ടായി.
അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോൾ സി.ബി.ഐയുടെ വരവിന് തടയിടാൻ സർക്കാർ കച്ചകെട്ടിയിറങ്ങി. സി.ബി.ഐക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടിയപ്പോൾ സുപ്രീംകോടതിയിൽ സർക്കാർ അപ്പീലുമായെത്തി. ഇതിനുള്ള നിയമപോരാട്ടങ്ങൾക്ക് ഖജനാവിൽ നിന്ന് ദശലക്ഷങ്ങൾ ചെലവിട്ട് പ്രമുഖ അഭിഭാഷകരെ എത്തിച്ചു. അപ്പീലും തള്ളിയതോടെയാണ് 2020 ഡിസംബർ 10ന് സി.ബി.ഐ തുടരന്വേഷണം ഏറ്റെടുത്തത്.നേതാക്കളായ കുഞ്ഞിരാമനടക്കം കുടുങ്ങിയത് സി.ബി.ഐയുടെ വരവോടെയാണ്. കേസ് നടപടികൾക്കായി തുടക്കത്തിൽ ഇരകളുടെ കുടുംബത്തിനൊപ്പം നിന്നിരുന്ന അഡ്വ. സി.കെ. ശ്രീധരൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നതും, പ്രതികളുടെ വക്കീലായതും പെരിയ കേസിലെ മറ്റൊരു കുതികാൽ വെട്ടായി.
പരമാവധി ശിക്ഷ
10 പ്രതികൾക്കെതിരെ വിചാരണക്കോടതി ചുമത്തിയിരിക്കുന്നത് വധ ശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ. അതേസമയം, അപൂർവങ്ങളിൽ അത്യപൂർവമായി കോടതി വിലയിരുത്തുന്ന സാഹചര്യത്തിൽ മാത്രമാണ് പരമാവധി ശിക്ഷ വിധിക്കാറുള്ളത്. അല്ലാത്ത പക്ഷം ജീവിതാവസാനം വരെ കഠിന തടവ് അടക്കമുള്ള കടുത്ത ശിക്ഷകൾ വിധിക്കാം.
രണ്ടാംപ്രതി സജി. സി. ജോർജിനെ ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിനാണ് കെ.വി. കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കളെ സി.ബി.ഐ പ്രതിചേർത്തിരിക്കുന്നത്.
കുറ്റവും ശിക്ഷാ
സാദ്ധ്യതയും
1. എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ.അനിൽകുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് (1 മുതൽ 8 വരെ പ്രതികൾ)
□കൊലക്കുറ്റം,നിയമവിരുദ്ധമായി സംഘം ചേരൽ,കലാപം സൃഷ്ടിക്കൽ തെളിവ് നശിപ്പിക്കൽ,മാരകായുധ പ്രയോഗം,തടഞ്ഞു ക്രിമിനൽ ഗൂഢാലോചന
□ വധശിക്ഷ വരെ
2. ടി. രഞ്ജിത് (10-ാം പ്രതി), എ. സുരേന്ദ്രൻ (15-ാം പ്രതി)
□കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന
□ വധശിക്ഷ വരെ
.
3. കെ. മണികണ്ഠൻ(14-ാം പ്രതി), കെ.വി. കുഞ്ഞിരാമൻ(20-ാം പ്രതി), രാഘവൻ വെളുത്തോളി(21-ാം പ്രതി), ഭാസ്കരൻ വെളുത്തോളി(22-ാം പ്രതി).
□പ്രതിയെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |