
ചേർത്തല:ക്ഷേത്രാചാരങ്ങളിൽ അഭിപ്രായം പറയാൻ മുഖ്യമന്ത്രിക്കും,ശിവഗിരി മഠാധിപതിക്കും എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കും ഉൾപ്പെടെ എല്ലാവർക്കും
അവകാശമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തത നോക്കാതെ ഹിന്ദുക്കൾ ഒന്നിക്കണം.ക്രൈസ്തവ സമൂഹവും ഹിന്ദുക്കളെപ്പോലെ വെല്ലുവിളികൾ നേരിടുമ്പോൾ നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് യോഗം ലക്ഷ്യമിടുന്നത്.ഇത് സംബന്ധിച്ച പ്രമേയം മൈസൂരിൽ കൂടിയ യോഗം അംഗീകരിച്ചിരുന്നു.
ഷർട്ടു ധരിച്ചുള്ള ക്ഷേത്ര പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം വർഷങ്ങൾ
മുമ്പ് തീരുമാനമെടുത്തിട്ടുള്ളതാണ്.യോഗത്തിന്റെ കീഴിലുള്ള 90 ശതമാനം ക്ഷേത്രങ്ങളിലും ഇത്തരം അനാചാരങ്ങൾ നിറുത്തലാക്കിയിരുന്നു.അപൂർവം ക്ഷേത്രങ്ങളിൽ ചില തന്ത്രിമാരുടെ തന്ത്രങ്ങൾ മൂലമാണ് ഇതു നടക്കാത്തത്.ഇപ്പോൾ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്തിനെന്ന് അറിയില്ല. ഓരോരുത്തരുടെയും അഭിപ്രായത്തിൽ പ്രതികരിക്കൻ എസ്.എൻ.ഡി.പി യോഗത്തിനു ബാദ്ധ്യതയില്ല.അനാചാരങ്ങളെയെല്ലാം പിഴുതെറിഞ്ഞയാളാണ് ശ്രീനാരായണ ഗുരുദേവൻ.അധികാരത്തിലിരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ഇപ്പോൾ ഉയർന്നത് വെറും ബാലിശമായ ആരോപണങ്ങളാണ്.സനാതന ധർമ്മത്തെപറ്റി സംവദിക്കാൻ താനാളല്ല. ഇക്കാര്യങ്ങൾ പണ്ഡിതന്മാർ ചർച്ച ചെയ്യേണ്ടതാണ്..
കുട്ടനാട്ടിൽ പെട്ടിയെടുപ്പുകാരൻ
എം.എൽ.എ ആയി
ഒരു എം.എൽ.എ പോലുമാകാൻ യോഗ്യതയില്ലാത്തയാളെയാണ് കുട്ടനാട്ടിൽ എൻ.സി.പിക്കായി ഇടതുപക്ഷം എം.എൽ.എയാക്കിയത്..മുൻ എം.എൽ.എയുടെ പെട്ടിയെടുപ്പുകാരനും കണക്കെഴുത്തുകാരനുമായതു മാത്രമാണ് യോഗ്യത. എൽ.ഡി.എഫ് കുട്ടനാട് സീറ്റ് എൻ.സി.പിക്ക് കൊടുത്തത് ജനതാത്പര്യത്തിന് എതിരാണ്.ഇതാണ് കുട്ടനാടിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണം.അർഹരായ പലർക്കും സ്ഥാനങ്ങൾ ലഭിക്കാത്തപ്പോഴാണ് അനർഹരുടെ വിളയാട്ടം. ഇയാളാണ് ഇപ്പോൾ മന്ത്രിയാകാൻ ശ്രമിക്കുന്നത്.എൻ.സി.പിയിൽ എത്തിയപ്പോൾ തന്നെ നേതാവായ പി.സി.ചാക്കോ അതിന്റെ പേരിൽ വിലപേശൽ തന്ത്രമാണ് നടത്തുന്നത്. വോട്ടുകുത്തി യന്ത്രങ്ങളായി കുട്ടനാട്ടുകാർ എന്നുമുണ്ടാകില്ല. ഇതിന് മാറ്റം വന്നു തുടങ്ങിയതായും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |