
കൊച്ചി: ഉമ തോമസ് എം.എൽ.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായി ജി.സി.ഡി.എ (ഗ്രേറ്റർ കൊച്ചിൻ വികസന അതോറിറ്റി). മുഖംരക്ഷിക്കാൻ ജി.സി.ഡി.എ സൈറ്റ് എൻജിനിയറായ എസ്.എസ്. ഉഷയെ സസ്പെൻഡ് ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയ്ക്ക് നേരെയും ആരോപണമുന നീളുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് ഹോംഗ്രൗണ്ടായി കൈമാറിയ സ്റ്റേഡിയം ഗിന്നസ് നൃത്തത്തിനായി വിട്ടുനൽകിയതിനു പിന്നിൽ ചെയർമാന്റെ ഇടപെടലാണെന്നാണ് ആക്ഷേപം.
സംഘാടകരായ മൃദംഗവിഷൻ, സ്റ്റേഡിയം വിട്ടുനൽകാൻ അനുമതി നൽകിയ കെ. ചന്ദ്രൻപിള്ള എന്നിവർക്കെതിരെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശി ചെഷയറാണ് വിജിലൻസിന് പരാതി നൽകിയത്. ഇത് വിജിലൻസ് മേധാവിക്ക് കൈമാറി.
സ്റ്റേഡിയത്തിൽ വേണ്ടത്ര പരിശോധന നടത്തിയില്ലെന്നതാണ് ഉഷയ്ക്കെതിരെയുള്ള കുറ്റം. ഇതേക്കുറിച്ച് ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയൻ അന്വേഷിക്കും. കോർപ്പറേഷന്റെ അനുവാദം ഉൾപ്പെടെ വാങ്ങേണ്ടതായിരുന്നുവെന്ന് ജി.സി.ഡി.എ യോഗം വിലയിരുത്തി. യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി. കെ. ചന്ദ്രൻപിള്ളയെ കൈയേറ്റംചെയ്യാൻ ശ്രമിച്ച ഒമ്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തു.
ഉമ തോമസിനെ
വെന്റിലേറ്ററിൽ നിന്ന് മാറ്റി
കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയെ ഇന്നലെ വെന്റിലേറ്ററിൽനിന്ന് മാറ്റി. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് മാറുന്നതിനാലാണ് രാവിലെ 11ന് വെന്റിലേറ്റർ ഒഴിവാക്കിയത്. ശ്വാസകോശത്തിലെ നീർക്കെട്ട് പൂർണമായും മാറിയിട്ടില്ലാത്തതിനാൽ ഐ.സി.യുവിൽ തുടരും. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണനിലയിലേക്കെത്തുകയാണെന്ന് റിനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
മക്കളായ വിവേക്, വിഷ്ണു എന്നിവരുമായും ഡോക്ടർമാരുമായും വ്യക്തമായി ഉമ സംസാരിച്ചു. ബെഡിൽ ചാരിയിരുന്നു. വാരിയെല്ലുകളുടെ പരിക്കുമൂലം എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചിട്ടില്ല. കൈകൾക്കും കാലിനും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മക്കൾ അമ്മയെ കാണുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |