SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

mani

നിലമ്പൂർ: ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കരുളായി മാഞ്ചീരി പൂച്ചപ്പാറ കരിയന്റെ മകൻ മണിയ്ക്ക് (35) ദാരുണാന്ത്യം. മകൻ അഞ്ചുവയസുകാരൻ മനു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം. ക്രിസ്‌മസ് അവധി കഴി‍ഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി പൂച്ചപ്പാറയിലേക്ക് മടങ്ങവേ കണ്ണികൈക്ക് സമീപം വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വനത്തിലൂടെ വാഹന സൗകര്യമുള്ള വലിയതോട്ടിന് സമീപം വൈകിട്ട് ആറോടെ ടാക്സി ജീപ്പിൽ വന്നിറങ്ങിയ മണിയും സംഘവും കൊടുംകാട്ടിലൂടെ നടക്കുകയായിരുന്നു. അരമണിക്കൂർ പിന്നിട്ടതോടെ മുന്നിൽ നടന്ന മണിയെ കാട്ടാന ആക്രമിച്ചു. കൈയിലേറ്റിയിരുന്ന മകൻ ദൂരേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മജീഷ്, വിജീഷ് എന്നിവർ കുട്ടിയുമായി ഓടി രക്ഷപ്പെട്ടു.

ഇവർ മൊബൈലിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൂച്ചപ്പാറയിൽ നിന്ന് മണിയുടെ സഹോദരനായ അയ്യപ്പൻ സ്ഥലത്തെത്തി മണിയെ ചുമന്ന് പാണപ്പുഴയോരത്ത് എത്തിച്ചു. മണിയേയും സംഘത്തെയും വലിയത്തോട്ടിലെത്തിച്ച ജീപ്പ് ഡ്രൈവറെ വിവരമറിയിച്ചു. ജീപ്പുമായി തിരിച്ചെത്തിയ ഇദ്ദേഹമാണ് മണിയെ നെടുങ്കയത്തെത്തിച്ചത്. അവിടെ നിന്നും ആംബുലൻസിൽ രാത്രി പതിനൊന്നരയോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മണി മരണപ്പെടുകയായിരുന്നു. നെഞ്ചിനും തലയ്ക്കും ഗുരുതരമായ പരിക്കുണ്ട്. വിവരമറിയിച്ച് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് വനം വകുപ്പ് അധികൃതർ എത്തിയതെന്ന് ആരോപണമുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മഞ്ജു, മക്കൾ: മീനാക്ഷി, മീര, മീന, മനു.

5 മണിക്കൂർ നടക്കണം

കൂരയിലെത്താൻ

# പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരിൽപ്പെട്ട മണി വനാതിർത്തിയിൽ നിന്ന് 25 കിലോമീറ്ററോളം അകലെ ഉൾവനത്തിലാണ് താമസിക്കുന്നത്.വാഹനമെത്തുന്ന സ്ഥലത്ത് നിന്നും ഏകദേശം അഞ്ചുമണിക്കൂറോളം നടന്നാലേ ഇവിടെ എത്താനാവൂ.

# കരുളായി ഉൾവനത്തിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനടുത്തുള്ള മുക്കുറുത്തി നാഷണൽ പാർക്കിന് അടിവാരത്തുള്ള പ്രദേശമാണ് പൂച്ചപ്പാറ.

പൂച്ചപ്പാറ മലയുടെ മുകളിൽ നിന്ന് ചൂരൽകൊണ്ടും മുള കൊണ്ടും നിർമ്മിച്ചിട്ടുള്ള ഗോവണിയിലൂടെ ഇറങ്ങിയാണ് പാറയുടെ ചെരുവിലുള്ള ടാർപോളിൻ കൂരയിൽ എത്തുന്നത്.

സ്വപ്നം മകളുടെ ചികിത്സ

മകൾ മീനാക്ഷി തലച്ചോറിൽ നീർക്കെട്ട്, വളർച്ചക്കുറവ് എന്നിവയ്ക്ക് കാരണമാവുന്ന ഹൈഡ്രോ സഫാലസ് രോഗബാധിതയാണ്. മകളുടെ ചികിത്സയെന്ന സ്വപ്നം ബാക്കിയാക്കിയാണ് മണിയുടെ മടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA