SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ കരുനീക്കം തകൃതി, പിന്നാലെ ഒളിയമ്പുകൾ

READ ENGLISH VERSION
k

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കുന്നതിനുള്ള കരുനീക്കം മുറുകുന്നതിനിടെ,ഒളിയമ്പുകളുമായി ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ. മലപ്പുറത്ത് ജാമിയ സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിപ്പിട്ടതോടെയാണ് വിഷയത്തിന് ഗൗരവം കൈവന്നത്.

യു.ഡി.എഫിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. ദിവസങ്ങൾക്ക് മുമ്പ് ചെന്നിത്തലയെ പുകഴ്ത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് എത്തിയിരുന്നു. അതിന് കൂടുതൽ രാഷ്ട്രീയ മാനം കൈവന്നിരുന്നില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും,മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും അവരുമായി ബന്ധപ്പെട്ട സംഘടനകളുടെ വേദികളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്നിഹിതനായിരുന്ന വേളയിലാണ് പ്രശംസിച്ചത്.

സ്വന്തം സംഘടനയിലെന്ന പോലെ,മത-സാമുദായിക സംഘടനകൾക്കിടയിലും സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് കോൺഗ്രസിലെ ചില നേതാക്കൾ. എൻ.എസ്.എസ്-എസ്.എൻ.ഡി.പി യോഗം നേതൃത്വങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുസ്ലിം ലീഗ് നേതൃത്വവുമായി ഉറ്റ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.അതിനിടയിലാണ് ചെന്നിത്തലയെ പുകഴ്ത്തുന്ന പരാമർശങ്ങൾ ലീഗ് അദ്ധ്യക്ഷനിൽ നിന്നുണ്ടായത്. ഓർത്തഡോക്സ് ഉൾപ്പെടെയുള്ള ക്രൈസ്തവ സഭകളുടെ പരിപാടികളിലും,ഈ വർഷത്തെ മാരാമൺ കൺവെൻഷനിലും വരെ സതീശന് ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്,ഒരു ദശകത്തിന്റെ ഇടവേളയ്ക്ക് ശേഷം,മന്നം ജയന്തി സമ്മേളനത്തിലേക്ക് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചത്.ചെന്നിത്തലയെ എൻ.എസ്.എസിന്റെ പുത്രനായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിശേഷിപ്പിച്ചു. അതിനിടെ കേരളകോൺഗ്രസ് മാണി വിഭാഗത്തെ ഒപ്പം ചേർക്കാൻ മുസ്ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടക കക്ഷികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

പുകഴ്ത്തിയാൽ കിട്ടന്നതല്ല

മുഖ്യമന്ത്രിപദം

#ആരെയെങ്കിലും പുകഴ്ത്തിയാലോ,സമുദായ സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുത്താലോ മുഖ്യമന്ത്രിപദം ലഭിക്കില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരനും യു.ഡി.എഫ് കൺവീനർ എം.എം.ഹസനും പ്രതികരിച്ചു.

#മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമുദായ നേതാക്കളല്ലെന്നും,കോൺഗ്രസ് ഹൈക്കമാൻഡ്

തീരുമാനമെടുക്കുമെന്നുമായിരുന്നു കെ.മുരളീധരന്റെ വാക്കുകൾ.

#സമുദായ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെന്ന് എം.എം.ഹസൻ.

#താത്കാലിക ലാഭത്തിനോ,സ്ഥാനമാനങ്ങൾക്കോ നീതി വിട്ടവഴി ഒരിക്കലും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA