
കൊച്ചി: ശരീരഘടനയെക്കുറിച്ച് പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി. സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി ആർ. രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഒരാൾക്ക് നല്ല ശരീരഘടനയാണെന്നു പറയുന്നത് ലൈംഗികച്ചുവയുള്ള പരാമർശമാകില്ലെന്നും മറ്റുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ശരീരഘടനയെ പുകഴ്‌ത്തിയതിന് പുറമേ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്‌ക്കുകയും പൊതുമദ്ധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. 2013-17 കാലഘട്ടത്തിലെ സംഭവത്തിൽ രാമചന്ദ്രൻ നായർക്കെതിരെ യുവതി മേലധികാരികൾക്കും കെ.എസ്.ഇ.ബി. വിജിലൻസിനും പരാതികൾ നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനാലാണ് പൊലീസിൽ പരാതിപ്പെട്ടത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തൽ, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |