
തിരുവനന്തപുരം: വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ ഭൗതികദേഹം അതേസ്ഥലത്ത് ഋഷിപീഠം എന്നപേരിൽ നിർമ്മിച്ച പുതിയ കല്ലറയിൽ സമാധിയിരുത്തി. ഇന്നലെ വൈകിട്ട് നാലു മുതൽ നടന്ന ചടങ്ങുകളിൽ വിവിധ മഠങ്ങളിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. മക്കളായ സനന്ദനും രാജസേനനും ഉറ്റ ബന്ധുക്കളും കർമ്മങ്ങൾ നിർവഹിച്ചു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാമ ജപയാത്രയായാണ് ഭൗതിക ദേഹം വീട്ടിൽ എത്തിച്ചത്. തുറന്ന വാഹനത്തിൽ പീഠം തയ്യാറാക്കി അതിൽ ഇരുത്തി കാവി വസ്ത്രം പുതപ്പിച്ചാണ് കൊണ്ടുവന്നത്. മുഖം മറച്ച നിലയിലായിരുന്നു.
ഇഷ്ടിക കൊണ്ട് തയ്യാറാക്കിയ കല്ലറയിൽ ഭസ്‌മം , കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവ വലിയതോതിൽ സ്ഥാപിച്ചശേഷം ഭൗതികദേഹം ഇറക്കിവച്ചു. തുടർന്ന് ഭസ്മവും കർപ്പൂരവുംകൊണ്ടു മൂടി. ഇതിന് മുകളിലായി സ്ളാബ് കൊണ്ടു മൂടുകയായിരുന്നു. ശിവ പഞ്ചാക്ഷരീമന്ത്രം ചൊല്ലിയായിരുന്നു ചടങ്ങുകൾ.
ഇന്ന് മുതൽ 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തിൽ പൂജകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഗൂഡല്ലൂർ അംബ ആശ്രമം മഠാധിപതി മഹാമണ്ഡലേശ്വർ ശങ്കര കൃഷ്ണ സരസ്വതി സൂര്യവംശി ആഘോഡ ,ഗുജറാത്തിൽ നിന്നെത്തിയ വാസുദേവാനന്ദ പുരി, ചെങ്കൽ മഹേശ്വര ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവർ കാർമ്മികത്വം വഹിച്ചു. വി.എസ്.ഡി.പി, അഖിലേന്ത്യ നാടാർ അസോസിയേഷൻ, ഹിന്ദു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ആറു മണിവരെ ചടങ്ങുകൾ നീണ്ടുനിന്നു.നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ആശുപത്രി മുതൽ വീടുവരെ ഉണ്ടായിരുന്നു.
രാസ പരിശോധനാഫലം
കാത്ത് പൊലീസ്
# പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വിവാദമായതോടെയാണ് ഹൈക്കോടതി നിർദേശ പ്രകാരം ആറാലുംമൂട് കാവുവിളാകം ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.
# ഫോറൻസിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകൾ കിട്ടാനുണ്ട്. പൊലീസ് അന്വേഷണം അവസാനിച്ചിട്ടില്ല..
വിവാദ പരാമർശം,
സനന്ദൻ മാപ്പ് ചോദിച്ചു
സമാധി വിവാദമായപ്പോൾ ഒരു സമുദായത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. വിവാദവും തുടർന്നുണ്ടായ മാനസിക സംഘർഷവും കാരണം അങ്ങനെ പറഞ്ഞുപോയതാണെന്ന് വിശദീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |