
നെറ്റ് നോക്കി പഠനം, കൃത്യമായ നടപ്പാക്കൽ
തിരുവനന്തപുരം: സൈനികനുമായുള്ള മെച്ചപ്പെട്ട ജീവിതത്തിന് കാമുകനെ ഒഴിവാക്കണം. ഇതിന് വീട്ടുകാരുടെ ഒത്താശയോടെയും കൃത്യമായ പ്ളാനിംഗോടെയും ഗ്രീഷ്മ നടപ്പാക്കിയതാണ് ഷാരോൺ അരുംകൊല.
തന്ത്രപൂർവം വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ വിഷം ചേർത്തു നൽകി കൊന്നത് അപൂർവങ്ങളിൽ അപൂർവ കേസായി കാണണമെന്നാണ് പ്രോസ്യക്യൂഷൻ ആവശ്യം. കോടതി ഇന്ന് അങ്ങനെ തീരുമാനമെടുത്താൽ വധശിക്ഷ വരെ കിട്ടാവുന്ന കേസാണ്.
2021 ഒക്ടോബറിലാണ് ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. എന്നാൽ, 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തി. ഗ്രീഷ്മയുടെ പൂർണ സമ്മതത്തോടെയായിരുന്നു നിശ്ചയം. ഇതറിഞ്ഞതോടെ ഷാരോൺ പിണങ്ങി. തങ്ങളുടെ ബന്ധം പട്ടാളക്കാരന്റെ വീട്ടുകാരെ ഷാരോൺ അറിയിക്കുമെന്ന ഭയത്തിൽ ഗ്രീഷ്മ വീണ്ടും അടുത്തു. ഒഴിവാക്കാനുള്ള ഗൂഢ നീക്കം തുടങ്ങുകയായിരുന്നു. 2022 മേയിൽ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ചും താലികെട്ടി പിരിഞ്ഞുപോകില്ലെന്ന് ഷാരോണിനെ വിശ്വസിപ്പിച്ചു.
ഇതിനിടെ, പാരസെറ്റമോൾ ഗുളിക അമിതമായി ഉപയോഗിച്ചാൽ ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ച് ഇന്റർനെറ്റിൽ സെർച്ചു ചെയ്തു. ഡോളോ ഗുളിക ഒരുമിച്ചു വാങ്ങിയ ഗ്രീഷ്മ വീട്ടിൽ വച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ വച്ചു. ഷാരോൺ പഠിക്കുന്ന തിരുവിതാംകോടെത്തി രണ്ടു കുപ്പി ജ്യൂസ് വാങ്ങിയശേഷം കോളേജിലെത്തി. ജ്യൂസ് ചലഞ്ചെന്ന് പറഞ്ഞ് പാരസെറ്റമോൾ ചേർത്ത ജ്യൂസ് ഷാരോണിന് കൊടുത്തെങ്കിലും കയ്പ്പായതിനാൽ തുപ്പിക്കളഞ്ഞു. തുടർന്ന് ഗുളിക കലർത്താത്ത ജ്യൂസ് ഇരുവരും ചേർന്ന് കുടിച്ച ശേഷം മടങ്ങി.
ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കളനാശിനി ചേർത്ത് നൽകാൻ വീട്ടുകാരുമൊത്ത് പ്ളാൻ തയ്യാറാക്കിയത്. 2022 ഒക്ടോബർ 14ന് വീട്ടിൽ ആരുമില്ലെന്നും രാവിലെ വരണമെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്നും പ്രലോഭിപ്പിച്ച് ചാറ്റ് ചെയ്തു. ഇത് വിശ്വസിച്ചെത്തിയ ഷാരോണിന് കാഷയ ചലഞ്ചെന്ന് വിശ്വസിപ്പിച്ച് കളനാശിനി ചേർത്ത കഷായം കൊടുത്തു. കയ്പ് മാറാൻ ജ്യൂസും കൊടുത്തു. ഷാരോൺ മുറിയിൽ ഛർദിച്ചു. പേടിക്കേണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മ യാത്രയാക്കി.
സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ല. വിഷം കിഡ്നി, കരൾ, ശ്വാസകോശം എന്നിവയെ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 25നായിരുന്നു മരണം.
ഷാരോൺ മരിച്ചശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്നു ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വിധി കേട്ടിട്ടും നിർവികാരയായി ഗ്രീഷ്മ
കുറ്റക്കാരിയാണെന്ന വിധി കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ നിന്നത്. രാവിലെ 8ന് തന്നെ ഗ്രീഷ്മ അമ്മയും അമ്മാവനുമൊപ്പം കോടതിയിൽ എത്തിയിരുന്നു. മൂന്ന് മണിക്കൂർ പുറത്ത് കാത്തുനിന്നു. വിധി പ്രസ്താവത്തിനു ശേഷം നടപടിക്രമങ്ങൾ പാലിക്കാനും ഒരു മണിക്കൂറോളം കോടതിയിൽ ചെലവഴിക്കേണ്ടി വന്നു. പുറത്തിറക്കിയപ്പോൾ മാദ്ധ്യമങ്ങൾ പ്രതികരണത്തിനായി വളഞ്ഞു. പക്ഷേ, ഒന്നും മിണ്ടിയില്ല. കനത്ത പൊലീസ് ബന്തവസിൽ ഗ്രീഷ്മയെ ജീപ്പിൽ കയറ്റി. ഇതിനിടെ ശ്വാസ തടസം നേരിട്ടു. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ഫോർട്ട് ആശുപത്രിയിൽ കൊണ്ടു പോയി. പരിശോധിച്ച് മറ്റു പ്രശ്നങ്ങളില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |