
കൊച്ചി: വൈദ്യുതിബോർഡ് ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്തണമെന്ന വിദഗ്ദ്ധസമിതി ശുപാർശകൾ എത്രനാൾക്കകം സമർപ്പിക്കുമെന്നറിയിക്കാൻ ഹൈക്കോടതി. സർക്കാരും കെ.എസ്.ഇ.ബിയുമടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകണം. സമിതി റിപ്പോർട്ട് വൈകുകയാണെന്ന് ചൂണ്ടിക്കാട്ടി കേരള പവർബോർഡ് ഓഫീസേഴ്സ് ഫെഡറേഷനും ജീവനക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഇടക്കാല ഉത്തരവ്. കെ.എസ്.ഇ.ബി,വാട്ടർ അതോറിട്ടി,കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിലെ സേവനവേതന പരിഷ്കരണം പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയമിച്ച് 2023 ഏപ്രിൽ 19നാണ് സർക്കാർ ഉത്തരവായത്. നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വൈദ്യുതിബോർഡിലെ പെൻഷൻപ്രായം ഉയർത്തുന്നതും പരിഗണനാ വിഷയമാണെങ്കിലും റിപ്പോർട്ട് നീളുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിലവിലെ സർവീസ് കാലാവധിവച്ച് തങ്ങളിൽ പലരും മേയ് 31ന് വിരമിക്കേണ്ടവരാണെന്നും പെൻഷൻ പ്രായത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വീണ്ടും ഫെബ്രുവരി 11ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |