SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

പകർച്ചവ്യാധിപോലെ ക്യാൻസർ, പ്രതിവർഷം അര ലക്ഷം പുതിയ രോഗികൾ

s

തിരുവനന്തപുരം : സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും.

2022ൽ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ 14,183പേരും എം.സി.സിയിൽ 5866പേരുമാണ് പുതുതായെത്തിയത്. 2020-21ൽ ആർ.സി.സിയിൽ 11,191,എം.സി.സിയിൽ 5384 എന്നിങ്ങനെയായിരുന്നു പുതിയ കേസുകൾ. 2020മുതൽ 2023 വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ കാൻസർ രോഗികൾ തിരുവനന്തപുരത്താണ്.36% വർദ്ധനവാണുണ്ടായത്.

2016ൽ കേരളത്തിലെ ക്യാൻസർ രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷം പേരിൽ 135.3 പേർക്ക് എന്ന നിലയിലായിരുന്നു.

2022ൽ 169 ആയി ഉയർന്നു.

2023-24 ലും വലിയ വർദ്ധനവാണ് കാണുന്നത്. അതിന്റെ കൃത്യമായ കണക്കുകൾ കാൻസർ ഇൻസ്റ്റിറ്ര്യൂട്ടുകൾ ക്രോഡീകരിക്കുകയാണ്. ഈവർഷം പകുതിയാവും അത് ലഭ്യമാകാൻ.

പുരുഷന്മാരിൽ തൊണ്ടയിലെയും വായിലെയും ക്യാൻസർ, വൻകുടൽ കാൻസർ, സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ എന്നിവയാണ് വർദ്ധിക്കുന്നത്.

കേരളത്തിൽ കൂടാൻ കാരണം

ജീവിത ശൈലിയിൽ വന്ന മാറ്റമാണ് മുഖ്യ കാരണം. പുകവലി,തെറ്റായഭക്ഷണരീതി,മലിനീകരണം എന്നിങ്ങനെ കാരണങ്ങൾ നീളുന്നു. 2019-20ലെ സർവേ പ്രകാരം കേരളത്തിലെ 16.9% പുരുഷന്മാരും പുകയില പതിവായി ഉപയോഗിക്കുന്നവരാണ്.വായിലെ കാൻസറിന് ഇതു കാരണമാകും. മദ്യപാനം വൻകുടലിലെയും കരളിലെയും ക്യാൻസറിന് കാരണമാകും. സംസ്ഥാനത്തെ പൊണ്ണത്തടി നിരക്ക് ദേശീയ ശരാശരിയെ മറികടന്നു. തെറ്റായ ഭക്ഷണരീതി പ്രധാനകാരണമാണ്.15-49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 38.1% പേർക്ക് പൊണ്ണത്തടിയുണ്ട്. ഈപ്രായക്കാരായ പുരുഷന്മാരിലെ അമിതവണ്ണം 36.4ശതമാനമാണ്.പൊണ്ണത്തടിയും അമിതഭാരവും സ്തനം,ശ്വാസകോശം,വൃക്ക തുടങ്ങിയ ക്യാൻസറുകൾക്ക് കാരണമാകും. ചുവന്ന മാംസവും (റെഡ് മീറ്റ്) ക്യാൻസറിന് ഇടയാകുന്നുണ്ട്

പുതിയ രോഗികൾ 2021-22ൽ (ആർ.സി.സിയിലെ കണക്ക്)

തിരുവനന്തപുരം -4419(31.2%)

കൊല്ലം -3421(24.1%)

ഏറ്റവും കുറവ് വയനാട് -42(0.3%)

''ക്യാൻസർ എല്ലാവരിലും തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാക്കില്ല. എന്നാൽ, ശരീരം പ്രകടമാക്കുന്ന ചില സൂചനകൾ തിരിച്ചറിഞ്ഞ് വിദഗ്ദ്ധ പരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. രോഗം നേരത്തേ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാവും. ചെലവും കുറയും.

ഡോ.രാജീവ് ജയദേവൻ

കൺവീനർ,റിസർച്ച് സെൽ,

ഐ.എം.എ കേരള.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA