SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

വയനാടുമില്ല, വിഴിഞ്ഞവും , ഇനിയെന്തെന്ന ആശങ്കയിൽ കേരളം

h

തിരുവനന്തപുരം: ഉരുൾ തകർത്തെറിഞ്ഞ വയനാടിനോട് ക്രൂരമായി മുഖം തിരിച്ച കേന്ദ്ര ബഡ്ജറ്റ് വിഴിഞ്ഞം തുറമുഖത്തെയും മറന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയ കേരളത്തിന് മേലുള്ള തീമഴയായി.

24,000 കോടിയുടെ പാക്കേജ്, ദേശീയ ദുരന്തമായി പ്രഖ്യാപിച്ച വയനാടിന്റെ പുനർനിർമ്മാണത്തിന് 2000 കോടി, വിഴിഞ്ഞത്ത് അടിസ്ഥാന വികസനമൊരുക്കാൻ 5000 കോടി ഇങ്ങനെ നിരവധി ആവശ്യങ്ങളുമായാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. പക്ഷേ പ്രതീക്ഷകളെല്ലാം ബഡ്ജറ്ര് തകർത്തു.

എയിംസ്, മനുഷ്യവന്യജീവി സംഘർഷം ഒഴിവാക്കാൻ 1000 കോടിയുടെ പാക്കേജ് എന്നിയെല്ലാം ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 4,500 കോടി വേണമെന്ന ആവശ്യത്തോടും മുഖംതിരിച്ചു. സിൽവർലൈൻ സെമി ഹൈസ്‌പീഡ് റെയിൽ സിസ്റ്റം, കണ്ണൂരിലെ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഇൻ ആയുർവേദം എന്നിവയ്ക്കായി കേരളം ഉന്നയിച്ച ആവശ്യങ്ങൾ ബഡ്ജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല.
അതേസമയം 2014ന്ശേഷം സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജികളിലെ ശേഷി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഐ.ഐ.ടി പാലക്കാടിനെ തുണയ്‌ക്കുമെന്നാണ് പ്രതീക്ഷ. ജലജീവൻ മിഷൻ (ജെ.ജെ.എം) 2028 വരെ നീട്ടിയതും, അതിനായി ബഡ്ജറ്റ് വിഭവങ്ങൾ വർദ്ധിപ്പിച്ചതും കേരളത്തിന് സഹായകരമാകും. ജെ.ജെ.എം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം ദേശീയതലത്തിൽ അവസാനസ്ഥാനത്താണ്.

 'കാപ്പക്സ്" വിഴിഞ്ഞത്തിന് തുണായായേക്കും

വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം അധിക കടമെടുപ്പ് പരിധി 2025-26 വരെ നീട്ടണമെന്ന കേരളത്തിന്റെ അഭ്യർത്ഥന പരിഗണിക്കപ്പെട്ടു. ഇതിലൂടെ 6500 കോടി അധികവായ്പയെടുക്കാം. രാജ്യത്തെ 50 ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ വികസനവും മറൈൻ ഫിഷറീസ് മേഖലയിലെ 'അപ്രയോജനമായ സാദ്ധ്യതകൾ" പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും കേരളത്തിന് പ്രയോജനപ്പെട്ടേക്കും. തൊഴിലുറപ്പിൽ കഴിഞ്ഞതവണത്തെ അതേവിഹിതം നിലനിറുത്തി. അത് പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. കൂടാതെ കാപ്പക്സ് എന്ന പേരിൽ 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വികസനവായ്പയായി 1.5 ലക്ഷം കോടി ഇത്തവണയും അനുവദിച്ചിട്ടുണ്ട്. ഇത് വിഴിഞ്ഞത്തിന് പ്രയോജനകരമായേക്കാം. കഴിഞ്ഞ മൂന്ന് വർഷവും ഇൗ വായ്പ കിട്ടാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഇൗ വർഷം 5000 മുതൽ 10000 കോടി വരെ വായ്‌പ കിട്ടാം. ആരോഗ്യ - വിദ്യാഭ്യാസരംഗത്തെ കേന്ദ്രപദ്ധതികൾ കേരളത്തിന് ഗുണമായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA