
തൃശൂർ: എ.ഐയെ പുകഴ്ത്തിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് പിന്നാലെ വിഷയത്തിൽ ഭിന്ന നിലപാടുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രണ്ട് ദിവസം മുമ്പ് മണ്ണുത്തി കാർഷിക സർവകലാശാല ആസ്ഥാനത്ത് ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയാണ് എ.ഐയെ മുഖ്യമന്ത്രി പുകഴ്ത്തിയത്.
എ.ഐ വന്നാൽ അറുപത് ശതമാനം വരെ തൊഴിൽ നഷ്ടപ്പെടുമെന്നും ഇതിനെതിരെ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെടുത്തണമെന്നുമാണ് ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കവേ എം.വി.ഗോവിന്ദൻ പറഞ്ഞത്. എ.ഐ ഉപയോഗിക്കുമ്പോൾ കുത്തക മുതലാളിത്തത്തിന്റെ ലാഭവും മിച്ചമൂല്യ വിഹിതവും കൂടും. ഉൽപാദന ഉപാധികളെല്ലാം കുത്തകകളുടെയും മുതലാളിമാരുടെയും കൈയിലായിരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം എ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണമെന്നാണ് കാർഷിക സർവകലാശാലയിൽ മുഖ്യമന്ത്രി ശാസ്ത്രജ്ഞന്മാരോട് നിർദ്ദേശിച്ചത്. എ.ഐ സാങ്കേതിക വിദ്യ ലോകത്താകെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന കാലമാണ്.. ആളുകൾ അന്ധവിശ്വാസത്തിന് പിന്നാലെ പോകുമ്പോൾ ഇത്തരം നൂതന സാങ്കേതിക വിദ്യകളുമായി പുതുതലമുറയെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസംഗം.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എ.ഐ വിഷയത്തിൽ രണ്ട് തട്ടിലായത് പ്രതിനിധികൾക്കിടയിൽ ചർച്ചയായി. നൂതന ആശയങ്ങളോടൊപ്പം നിന്നില്ലെങ്കിൽ പണ്ട് ട്രാക്ടറും കമ്പ്യൂട്ടറും എതിർത്തെന്ന രീതിയിലുള്ള പേരു ദോഷം മാറാതെ കിടക്കുമെന്ന വിലയിരുത്തലുമുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന വിലയിരുത്തലിലാണ് ഭൂരിപക്ഷം നേതാക്കളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |