
കൊച്ചി: അനന്തു കൃഷ്‌ണന്റെ പകുതിവില തട്ടിപ്പിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി ) കേസെടുത്തു. തട്ടിപ്പിന്റെ മറവിൽ കള്ളപ്പണയിടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുക. അനന്തുവിന്റെയും തട്ടിപ്പിന് മറയാക്കിയ സന്നദ്ധ സംഘടനകളുടെയും ബാങ്കിടപാടുകൾ പരിശോധിക്കും.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് കരുതുന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന്റെ പിന്നാലെയാണ് ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്‌തത്. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി ആസ്ഥാനത്തു നിന്ന് ലഭിച്ച അനുമതി പ്രകാരമാണ് കള്ളപ്പണം നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്. ഏതാനും പരാതികളും ഇ.ഡിക്ക് ലഭിച്ചിരുന്നു.
തട്ടിപ്പിന് ഇരയായവരുടെയും ഇടനിലക്കാരുടെയും മൊഴികൾ അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലൂടെ എവിടെ നിന്നെല്ലാം പണം വന്നു, ആർക്കൊക്കെ കൈമാറി തുടങ്ങിയവ പരിശോധിക്കും. കണക്കിൽപ്പെടാത്ത പണം വിനിയോഗിച്ചോയെന്നും പരിശോധിക്കും. പൊലീസ് അറസ്റ്റു ചെയ്‌ത അനന്തു കൃഷ്‌ണനെ ചോദ്യം ചെയ്യും. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |