SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോ.

gf

കൊച്ചി: സിനിമാ സമരത്തിന്റെ പേരിൽ ജി.സുരേഷ്‌ കുമാറിനെതിരെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ വിമർശനങ്ങളെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തള്ളി. സംഘടനയുടെ തീരുമാനം അറിയിച്ച വൈസ് പ്രസിഡന്റ് സുരേഷ്‌ കുമാറിനെതിരെ വ്യക്തിപരമായി നടത്തുന്ന നീക്കം പ്രതിരോധിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതി​നി​ടെ ആന്റണി​ പെരുമ്പാവൂരി​ന്റെ ഇതുസംബന്ധി​ച്ച ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി​ നടൻ മോഹൻലാൽ ഷെയർ ചെയ്തത് ആശയക്കുഴപ്പത്തി​നും കാരണമായി​ട്ടുണ്ട്. ''നമുക്ക് എന്നും സി​നി​മയുടെ ഒപ്പം നി​ൽക്കാം'' എന്ന കമന്റോടെ പോസ്റ്റ് ഷെയർ ലാൽ ആന്റണി​യെ പി​ന്തുണച്ചത് പോലെയായി​.

വർദ്ധിക്കുന്ന നിർമ്മാണച്ചെലവ് മൂലം ഭീമമായ നഷ്‌ടം സംഭവിക്കുന്ന നിർമ്മാതാക്കൾക്ക് വേണ്ടിയാണ് സുരേഷ്‌കുമാർ സംസാരിച്ചത്. എല്ലാ നിർമ്മാതാക്കളുടെയും ഗുണത്തിനായാണ് സംഘടന പ്രവർത്തിക്കുന്നത്. ഭരണസമിതിയുടെ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തത്. യോഗങ്ങളിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാത്ത ആന്റണി പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമായെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് വിദേശത്തായതിനാൽ അവധിയെടുത്തതിനാലാണ് വൈസ് പ്രസിഡന്റുമാരായ ജി. സുരേഷ്‌ കുമാർ, സിയാദ് കോക്കർ എന്നിവർ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. അവർ പറയുന്നത് സംഘടനയുടെ നിലപാടാണ്.

ഫിയോക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫെഫ്‌ക എന്നീ സംഘടനകൾ കഴിഞ്ഞ ആറിന് ചേർന്ന യോഗത്തിലാണ് സമരം തീരുമാനിച്ചത്. താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദനികുതി, വ്യാജപതിപ്പുകളുടെ പ്രചാരണം എന്നിവയാണ് ചർച്ച ചെയ്‌തത്. താരസംഘടനയായ അമ്മയെയും ക്ഷണിച്ചിരുന്നു. അഡ്ഹോക് കമ്മിറ്റി ഭരണമായതിനാലാണ് അമ്മ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതെന്നും അസോസിയേഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM PRODUCERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA