
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൽ രാഷ്ട്രീയമില്ല. കേരളത്തിലിപ്പോൾ ട്രേഡ് യൂണിയൻ ഭീകരതയുമില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ പ്രതിപക്ഷം ഒരു ഹർത്താൽ പോലും നടത്തിയിട്ടില്ല. ഭരണപക്ഷം പ്രതിപക്ഷത്താകുമ്പോഴും ഇതേ സംസ്‌കാരം തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
ട്രേഡ് യൂണിയൻ ഭീകരതയ്‌ക്ക് കുപ്രസിദ്ധമായിരുന്നു ഒരുകാലത്ത് കേരളം. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ് ഞാനും മന്ത്രി പി. രാജീവും. കഴിഞ്ഞ 15-20 വർഷമായി ഞങ്ങൾ ഒരു കമ്പനിയിലും സമരം നടത്തിയിട്ടില്ലെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കഠിനമായി അധ്വാനിക്കാനാണ് തൊഴിലാളികളോട് പറയുന്നത്. കമ്പനി ലാഭത്തിലായാൽ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയും.
യു.ഡി.എഫ് എക്കാലത്തും വികസനോന്മുഖ നിലപാടാണ് സ്വീകരിച്ചത്. സംരംഭകത്വം വളർത്താൻ 2015ൽ സ്റ്റാർട്ടപ്പ് നയം തയ്യാറാക്കി. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ എന്നിവ ഐ.ടി വികസനത്തിന് പ്രേരകശക്തിയായി. വ്യവസായ വികസന കോർപ്പറേഷനും കിൻഫ്രയും വ്യവസായ അടിത്തറ ശക്തമാക്കി. ആഗോള നിക്ഷേപകസംഗമവും എമർജിംഗ് കേരളയും വൻവിജയമായിരുന്നു.
ആഗോളനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങൾ വലിയ സാദ്ധ്യത തുറന്നിടുന്നു. വിദ്യാഭ്യാസമേഖല സ്വകാര്യനിക്ഷേപകർക്കായി തുറന്നതും ഉന്നതവിദ്യാഭ്യാസം താങ്ങാവുന്ന ചെലവിൽ ലഭിച്ചതും നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്‌ടിക്കാൻ സഹായിച്ചു.
കയർ, കൈത്തറി, ഖാദി തുടങ്ങി പരമ്പരാഗത മേഖലയും തോട്ടം മേഖല, ആയുർവേദം, വെൽനസ് ടൂറിസം എന്നിവയും കൂടുതൽ വികസിക്കണം. എ.ഐ, ത്രീഡി പ്രിന്റിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബയോടെക്നോളജി, മെഷീൻ ലേണിംഗ് തുടങ്ങിയ ഭാവിസാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. പുതുയുഗ വ്യവസായങ്ങളെ ആകർഷിക്കാൻ നിക്ഷേപസൗഹൃദാന്തരീക്ഷം കൂടുതൽ മികവുറ്റതാക്കേണ്ട സുപ്രധാന ഘട്ടത്തിലാണ് കേരളമെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |