
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ സമവായത്തിലൂടെ സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ വഴിതെളിഞ്ഞേക്കും. വന്ദേഭാരത് വന്നതോടെ അതിവേഗ റെയിൽയാത്രയ്ക്ക് പ്രിയമേറിയതും കേരളത്തിന്റെ വികസനത്തിന് വേഗറെയിൽ ആവശ്യമാണെന്നതും അനുകൂല ഘടകങ്ങളാണ്.
മുൻ റെയിൽവേമന്ത്രിയും കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രിയുമായ പീയുഷ്‌ഗോയൽ, സിൽവർലൈൻ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത് രാഷ്ട്രീയ തീരുമാനം വരുമെന്നതിന്റെ സൂചനയാണ്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡി.പി.ആറിൽ ഭേദഗതികൾ വരുത്തിയശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള ഇ.ശ്രീധരനെ ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് സർക്കാർശ്രമം.
സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പ് കുറയ്ക്കാനും പ്രളയഭീഷണി ഒഴിവാക്കാനും പാത കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോവുന്ന വിധമാക്കും. ഇതിന്ചെലവ് ഒരുലക്ഷം കോടിയാവും. 50 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളെന്നത് 30കിലോമീറ്ററാക്കും. 200 കിലോമീറ്ററായിരിക്കും വേഗം. സ്റ്റാൻഡേർഡ്ഗേജിലെ സെമി-ഹൈസ്പീഡ് പാതയ്ക്കാണ് ശ്രീധരന്റെയും ശുപാർശ. ശ്രീധരന്റെ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കുകയോ അതുപ്രകാരം പദ്ധതിരേഖ മാറ്റുകയോ ചെയ്തിട്ടില്ല. പദ്ധതിനടത്തിപ്പിനുള്ള കെ-റെയിൽ മേൽപ്പാലനിർമ്മാണം, സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളിലാണ്. ഭൂമിയേറ്റെടുക്കലടക്കം നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
ഉടക്ക് ട്രാക്കിലും സ്പീഡിലും
1. സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്നുമാറ്റി, സാധാരണ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിലാക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതിലൂടെ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാം. ബുള്ളറ്റ്ട്രെയിൻ ട്രാക്കൊഴികെയുള്ളതെല്ലാം ബ്രോഡ്‌ഗേജിലാവണമെന്ന് റെയിൽവേനയം
2. നിലവിലെ ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മി വേഗതയുള്ള രണ്ട് ലൈനുകളാവാം. 180 കിലോമീറ്ററിലധികം വേഗം പറ്റില്ല. സിൽവർലൈനിന് പരമാവധി 220കി.മിയാണ് വേഗം. നിലവിലെ ലൈനുകളിൽ 50കി.മി ഇടവിട്ട് കണക്ഷനുണ്ടാവണം. 160കി.മി വേഗട്രാക്കിന് ചെലവ് കിലോമീറ്ററിന് 70കോടി. 200കി.മിയായാൽ ചെലവ് 120കോടി.
വേഗപ്പാതകൾ
# ഡൽഹി-മീററ്റ്. പകുതിദൂരം 180കിലോമീറ്റർ വേഗത
# മുംബയ്-അഹമ്മദാബാദ്- 350കി.മി വേഗത
# ഡൽഹി-ആൾവാർ (രാജസ്ഥാൻ) 180കി.മി വേഗപ്പാത
# 15അതിവേഗ, സെമിഹൈസ്പീഡ് പാത പരിഗണനയിൽ
`15 വർഷത്തിനകം 25000 കി.മി വേഗപ്പാത രാജ്യത്തുണ്ടാവണം. യാത്ര വേഗറെയിലിലാക്കിയാൽ കൂടുതൽ ചരക്കുവണ്ടികളോടിക്കാം. ഒരു വേഗപ്പാത ഒൻപത് ലൈൻ ഹൈവേയ്ക്ക് തുല്യം'.
-ഇ.ശ്രീധരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |