SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

വികസനത്തിൽ ഉദിച്ച രാഷ്ട്രീയ ഐക്യം

s

തിരുവനന്തപുരം: കൊടിപിടിച്ച് വ്യവസായങ്ങൾക്ക് വഴിമുടക്കുന്ന നാടെന്ന ദുഷ്പേര് മാറ്റി, വികസനത്തിൽ രാഷ്ട്രീയാതീത സമന്വയത്തിന്റെ പാത തുറക്കലായി ആഗോള നിക്ഷേപരക ഉച്ചകോടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കുകയും എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തതോടെ പുതിയൊരു സംസ്കാരത്തിന് തുടക്കമാവുകയാണ്.

മാത്രമല്ല, ഇൻവെസ്റ്റ് കേരളയിൽ പങ്കെടുത്ത മൂന്നു കേന്ദ്രമന്ത്രിമാരും നിക്ഷേപ സമാഹരണത്തിലുൾപ്പെടെ ഒപ്പമുണ്ടെന്ന് ആവർത്തിച്ചു. മൂന്നു ലക്ഷം കോടിയുടെ വികസനം പ്രഖ്യാപിച്ചു. കേന്ദ്ര ബി.ജെ.പി സർക്കാർ കേരളത്തെ രാഷ്ട്രീയം നോക്കി അവഗണിക്കുന്നെന്ന ആക്ഷേപം നിലനിൽക്കെയാണിതെന്നതും ശ്രദ്ധേയം.

കേരളത്തിലെ വ്യവസായത്തെ പ്രശംസിച്ച് ശശി തരൂർ ലേഖനമെഴുതിയത് യു.ഡി.എഫിൽ വൻ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഉച്ചകോടി. ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷ പങ്കാളിത്തം ഉണ്ടാവുമോ എന്ന ചില ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ ചടങ്ങിൽ പങ്കെടുത്തു. പരസ്പരം കുത്തുവാക്കുകൾ പറയാതെ ഒരുമിച്ച് മുന്നോട്ട് എന്ന സന്ദേശം നൽകി. ഇത് വിവിധ കോണുകളിൽ നിന്ന് പ്രതിനിധികളായി എത്തിയവരിൽ ആത്മവിശ്വാസം കൂട്ടുന്നതായി.

2012ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചിയിൽ സംഘടിപ്പിച്ച നിക്ഷേപകസംഗമം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ അതായിരുന്നു. അതേ സ്ഥലത്ത് 13 വർഷങ്ങൾക്കു ശേഷം ഉത്സവാന്തരീക്ഷത്തിൽ മറ്റൊരു നിക്ഷേപക ഉച്ചകോടി ഭരണ-പ്രതിപക്ഷ ഐക്യത്തോടെ സംഘടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ കാലാവസ്ഥയുടെ ആരോഗ്യകരമായ മാറ്റമാണിത്.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഒരു ഹർത്താൽ പോലും കേരളത്തിൽ നടത്തിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശവും ശ്രദ്ധേയമാണ്. പ്രതിപക്ഷ സഹകരണം ഉച്ചകോടിക്ക് കരുത്തുപകരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നേരത്തേ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA