
തിരുവനന്തപുരം: പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും വീറോടെ ആശാവർക്കർമാരുടെ സമരം 14-ാം ദിവസത്തിലേക്ക്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല സമരവേദിയിൽ രാഷ്ട്രീയ- സാമൂഹികരംഗത്തെ പ്രമുഖർ ഇന്നലെ നിരന്നു.
ആശാവർക്കർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷനിൽ 915കോടിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഫണ്ട് കിട്ടാൻ വൈകിയത്. ആരോഗ്യമേഖലയെ താങ്ങിനിറുത്തുന്ന ആശാവർക്കർമാരെക്കാൾ കേരളാഹൗസിൽ ഉണ്ടുറങ്ങുന്ന കെ.വി.തോമസിനോടാണ് മുഖ്യമന്ത്രിക്ക് പ്രിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാവർക്കർമാർ തെരുവിലിറങ്ങേണ്ടിവരുന്ന ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. എം.വിൻസന്റ് എം.എൽ.എ, സാഹിത്യകാരി ഡോ. ജെ.ദേവിക, ജനകീയ പ്രതിരോധ സമിതി കാസർഗോഡ് ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.പി.സജി, എൻ.ജി.ഒ അസോസിയേഷൻ നേതാവ് ചവറ ജയകുമാർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് അറയ്ക്കൽ, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫിനാ മാറ്റപ്പള്ളി, പറവൂർ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ഷുഹൈബ്, ഇന്ത്യൻ ലേബർ പാർട്ടി ഡെമോക്രാറ്റിക് പ്രതിനിധി ഗിരീശൻ, സീനിയർ അഭിഭാഷകൻ സുധാകരക്കുറുപ്പ് തുടങ്ങിയവർ ഐക്യദാർഢ്യവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂറിൽ സമരം തീരും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. മദ്യനിർമ്മാണശാലയ്ക്കെതിരെ പോരാടുമെന്ന് പറഞ്ഞെങ്കിലും സി.പി.ഐയുടെ എം.എൻ.സ്മാരകത്തിൽ വച്ചുതന്നെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വായ അടപ്പിച്ചു.
- രമേശ് ചെന്നിത്തല,
മുൻപ്രതിപക്ഷ നേതാവ്
സമരം എത്രയുംവേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. സ്ത്രീകളോട് ഇടതുപക്ഷം കാണിച്ചുവരുന്ന അനുഭാവം ഈ വിഷയത്തിൽ കാണുന്നില്ല. മുഖ്യമന്ത്രിക്ക് അഞ്ചുമിനിട്ടിൽ പ്രശ്നം അവസാനിപ്പിക്കാം. പി.എസ്.സി കേരളത്തിൽ ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. പി.എസ്.സി ചെയർമാന് മുഖ്യമന്ത്രിയെക്കാളും ശമ്പളമുണ്ട്.
-സി.ദിവാകരൻ,
മുൻമന്ത്രി
ആശമാരുടെ കണക്കെടുത്ത്
ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശമ്പളവർദ്ധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യവകുപ്പ്. ജില്ലകളിൽ ഡി.എം.ഒമാരുടെ നേതൃത്വത്തിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്. സർക്കാർ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |