
ന്യൂഡൽഹി: രാജീവ് ഗാന്ധിയെ 1965-ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയതും പരിചയം വളർന്ന് പ്രണയമായി മാറിയ കഥയും പങ്കുവച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ ദിവസം തുറന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവിനെക്കുറിച്ചുള്ള ഓർമ്മകളടങ്ങിയ വീഡിയോ പങ്കിട്ടത്. സോണിയയുടെ ആത്മകഥ നവംബർ 10ന് പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണിത്.
ഇറ്റാലിയൻ ഭക്ഷണം തേടിയാണ് സോണിയ ഗ്രീക്ക് റെസ്റ്റോറന്റിലെ സ്ഥിരം സന്ദർശകയായത്. ഇന്ത്യൻ വിദ്യാർത്ഥികളും അവിടെ വരാറുണ്ടായിരുന്നു. അങ്ങനെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. ആദ്യ നോട്ടത്തിൽ തന്നെ രാജീവിനെ ഇഷ്ടമായെന്ന് സോണിയ പറയുന്നു. രാജീവിനും അങ്ങനെയായിരുന്നു.
ഒരു പൊതു സുഹൃത്ത് വഴി പരിചയം സ്ഥാപിച്ചു. പിന്നീട് അടുത്ത സുഹൃത്തുക്കളായി. പാർട്ടികൾക്കും മറ്റും ഒന്നിച്ച് പോകാൻ തുടങ്ങി. ''രാജീവ് സൗമ്യനായ വ്യക്തിയായിരുന്നു. വളരെ സുന്ദരനുമായിരുന്നു. ആ സൗമ്യഭാവം എന്നെ ശരിക്കും സ്പർശിച്ചു'' സോണിയ തുറന്നു പറഞ്ഞു . തങ്ങളുടെ പ്രണയവും ചിരിയും ഓർമ്മകളും നിറഞ്ഞ ഒരു ലോകം നവംബർ 10-ന് പുസ്തകത്താളിലൂടെ ജനങ്ങളുമായി പങ്കിടുകയാണെന്ന് സോണിയ പറഞ്ഞു.
ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് എന്ന ആത്മകഥയുടെ ആഗോള പ്രസാധകർ ആൽഫ്രഡ് എ. നോഫാണ്. ഇന്ത്യയിൽ ഹാർപ്പർകോളിൻസാണ് പ്രസാധകർ. 544 പേജുകളുള്ള പുസ്തകത്തിൽ, ഇറ്റലിയിലെ ബാല്യകാലം മുതലുള്ള പ്രധാന സംഭവങ്ങൾ വിവരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |