കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും അധിക്ഷേപിച്ച് മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ. ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നുമാണ് വീഡിയോയിലൂടെ ഇയാൾ പറയുന്നത്. 'ലിറ്റിചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ളുവൻസർ വീഡിയോയിലൂടെ പറയുന്നുണ്ട്. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ 'കാശി ആർട്ട് കഫേ'യെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്.
'കാശി' എന്ന പേര് കേൾക്കുമ്പോൾ ബനാറസുമായോ മഹാദേവനുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കും എന്ന് കരുതരുതെന്നും ഇവിടെ തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.
വീഡിയോയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും രംഗത്തെത്തി. 'sad reality' എന്നാണ് ദിയ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
'കാശ് കഫേയ്ക്കുള്ളിൽ കയറിയപ്പോൾ ഞെട്ടിപ്പോയി. ഇന്ത്യയിൽ ആദ്യമായാണ് ഞാൻ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം ചുവരിൽ കാണുന്നത്. 50ലധികം വെള്ളി പൂശിയ ചിത്രങ്ങളാണ് കാശി ആർട്ട് കഫേയുടെ ഉടമ അവിടെ വെച്ചിരിക്കുന്നത്. തുടർന്ന് ഭക്ഷണം ഓർഡർ ചെയ്യാനായി ഞാൻ മെനു കാർഡ് വാങ്ങിയപ്പോൾ മെനുവിൽ മുഴുവൻ ബീഫ് വിഭവങ്ങളായിരുന്നു. ബീഫ് വിഭവങ്ങൾ മാത്രം.
പേര് കാശി എന്നാണ്. എന്നാൽ അവിടെ ജിന്നയുടെ ഫോട്ടോകൾ സ്ഥാപിച്ചിരിക്കുന്നു. പരസ്യമായി ബീഫും വിൽക്കുന്നു. വർക്കലയെക്കുറിച്ച് ഞാൻ മുമ്പ് ചെയ്ത ഒരു വീഡിയോയ്ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് രംഗത്ത് വന്നിരുന്നു. അത് വ്യാജമാണെന്ന് അവർ പറഞ്ഞു. എന്താണ് വ്യാജമെന്ന് പറയുന്നത്? ഞാൻ ഇപ്പോൾ ചെയ്യുന്ന ഈ വീഡിയോയിൽ, ഇവിടെ ജിന്നയ്ക്ക് എന്താണ് കാര്യം? നമ്മുടെ ഭാരതത്തിൽ ജിന്നയ്ക്ക് എന്താണ് കാര്യം? ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് അറിയാമോ? ജിന്ന ഗാന്ധിക്കും നെഹ്രുവിനുമൊപ്പം ചേർന്ന് ഭാരതത്തെ വെട്ടിമുറിച്ചു. ജിന്നയും ഗാന്ധിയും നെഹ്രുവും കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും സിഖുകാർക്കും ജീവൻ നഷ്ടപ്പെട്ടു.
സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു. എന്നിട്ട് ആ ജിന്നയ്ക്ക് ഭാരതത്തിൽ എന്താണ് കാര്യം? കേരളത്തിൽ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടോ? നിങ്ങൾ സൃഷ്ടിക്കുന്നത് തികച്ചും ഏകപക്ഷീയമായ സാഹചര്യമാണ്. കാശി ആർട്ട് കഫേയുടെ ഉടമയോടായി ഞാൻ പറയുകയാണ്, ഇതിന്റെ പേര് മാറ്റി 'കറാച്ചി ആർട്ട് കഫേ' എന്നാക്കൂ. കാരണം നിങ്ങൾ ജിന്നയെ മഹത്വവൽക്കരിക്കുകയും ബീഫ് വിൽക്കുകയുമാണ് ചെയ്യുന്നത്.
കാശിയുടെ അർഥം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഭൂമിയിലെ ഏറ്റവും പവിത്രവും പുരാതനവുമായ നഗരമാണ് കാശി. ഇവിടുത്തെ ജനസംഖ്യയും ചുറ്റുപാടുകളും കണ്ട് ഞാൻ ശരിക്കും അമ്പരന്നുപോയി. ഫോർട്ട് കൊച്ചിയിൽ ഇപ്പോൾ പൂർണമായും ഇസ്ലാമിക അന്തരീക്ഷമാണ്. 95 ശതമാനം ബിസിനസ് ഉടമകളും, ടാക്സി ഡ്രൈവർമാരും, റിക്ഷാ ഡ്രൈവർമാരും, ചെറിയ കച്ചവടങ്ങൾ ചെയ്യുന്നവരും, കമ്മലുകൾ വിൽക്കുന്നവരും, പഞ്ചർ ഒട്ടിക്കുന്നവരും, പച്ചക്കറികളും പഴങ്ങളും വിൽക്കുന്നവരുമെല്ലാം... എല്ലാവരും മുസ്ലിംകളാണ്, ഇവിടെ എല്ലാവരും മുസ്ലിംകളാണ്!
ഇവിടുത്തെ സർക്കാരാകട്ടെ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല, ഞാൻ ഇവിടുത്തെ നാട്ടുകാരായ വലതുപക്ഷ ചിന്താഗതിക്കാരുമായി സംസാരിച്ചു. അവരെല്ലാവരും ഭയന്ന് മിണ്ടാതിരിക്കുകയാണ്. അവർ എന്നോട് പറയുകയായിരുന്നു, ''സഹോദരാ, ദയവായി നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ലൊക്കേഷൻ വെളിപ്പെടുത്തരുത്. തികച്ചും ഏകപക്ഷീയമായാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇവിടുത്തെ സർക്കാരിന് ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഇവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത്. ഇത് അവിശ്വസനീയമാണ്. കേരളത്തിൽ നടക്കുന്നത് അതീവ അപകടകരമായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാർ ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ കേരളം പൂർണമായും നഷ്ടപ്പെടും. കേരളം നമ്മുടെ കൈകളിൽ നിന്ന് പോയിക്കഴിഞ്ഞു. ഇവിടുത്തെ വലതുപക്ഷ ചിന്താഗതിക്കാർക്കും ഹിന്ദുക്കൾക്കും ഇവിടെ തുറന്നു സംസാരിക്കാൻ പോലും സാധിക്കുന്നില്ല'- അയാൾ വീഡിയോയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |