
കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസലിന് ഇന്ന് നാട് വിടചൊല്ലും. ഇന്നലെ രാവിലെ 9.30 ഓടെ ചെന്നൈയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം പി.ബി അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 12 ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മൃതദേഹവുമായി ആംബുലൻസ് എത്തുമ്പോൾ കണ്ഠമിടറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, എം.പിമാരായ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം.മണി, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, സെക്രട്ടറി പി.എസ്.സഞ്ജീവ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. റസലിന്റെ പ്രവർത്തന മണ്ഡലമായിരുന്ന ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു ശേഷം തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എത്തിച്ച മൃതദേഹം ബന്ധുമിത്രാദികൾ കണ്ണീരോടെ ഏറ്റുവാങ്ങി. പ്രിയ നേതാവിനെ ഒരുനോക്കുകാണാൻ വൻജനസഞ്ചയമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിലാണ് സംസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |