
കോട്ടയം : ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കോട്ടയത്തെ സി.പി.എം നേതൃത്വമെങ്കിലും എത്രയും വേഗം പുതിയ സെക്രട്ടറിയെ കണ്ടെത്തും. ഇന്ന് റസലിന്റെ സംസ്കാരം കഴിയുന്നതോടെ പിൻഗാമിക്കായുള്ള ചർച്ചകൾ സജീവമാകും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ നിന്നാകും സെക്രട്ടറിയെ കണ്ടെത്തുക. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ,
അഡ്വ. പി.കെ. ഹരികുമാർ, അഡ്വ. റെജി സഖറിയ എന്നിവരുടെ പേരുകൾക്കാണ് പ്രാമുഖ്യം. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാറിനും സാദ്ധ്യതയുണ്ട്.
സി.പി.എം ജില്ലാ സമ്മേളനം കഴിഞ്ഞപ്പോൾ 14 ജില്ലകളിൽ ഒരിടത്തും നായർ സമുദായത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. റസൽ ഈഴവ വിഭാഗത്തിൽ നിന്നായിരുന്നെങ്കിലും മറ്റ് ജില്ലകളിൽ ഈഴവ പ്രാതിനിധ്യമുള്ളതിനാൽ കോട്ടയത്തെ പുതിയ സെക്രട്ടറി നായർ സമുദായത്തിൽ നിന്നാകുമെന്നാണ് സൂചന. ഇതാണ് കെ.എം.രാധാകൃഷ്ണൻ, പി.കെ.ഹരികുമാർ, ടി.ആർ.രഘുനാഥൻ എന്നിവർക്ക് അനുകൂലമാകുന്നത്. പത്തനംതിട്ടയിൽ ക്‌നാനായ യാക്കോബായ വിഭാഗക്കാരനായ രാജു എബ്രഹാമിനെ സെക്രട്ടറിയാക്കിയ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയിൽ നിന്ന് അതേ സമുദായക്കാരനായ അഡ്വ.റെജി സഖറിയയെ പരിഗണിച്ചേക്കാം.
സംസ്ഥാന സമ്മേളനം അടുത്തതിനാലും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ടതിനാലും തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന. മന്ത്രി വാസവന്റെ അഭിപ്രായവും നിർണായകമാണ്. റസലിനെപ്പോലെ വാസവനുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് നാട്ടുകാരൻകൂടിയായ കെ.എം.രാധാകൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |