
മഞ്ചേരി: വഖഫ് ബിൽ മതപരമായ പ്രശ്നമല്ലെന്നും അതൊരു ഭരണഘടനാ വിഷയമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ എം.പി പറഞ്ഞു. മഞ്ചേരിയിൽ നടന്ന തൃണമൂൽ കോൺഗ്രസിന്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോം സിവിൽ കോഡ് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. പശ്ചിമ ബംഗാളിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും നിയമസഭയിൽ പൂജ്യം സീറ്റിലെത്തിച്ചതാണ് മമത ബാനർജിയുടെ രാഷ്ട്രീയം. സീറ്റില്ലെങ്കിലും എതിരാളികളെന്ന നിലയിൽ സി.പി.എമ്മിനെ വില കുറച്ചുകാണുന്നില്ല. അവരോട് ബഹുമാനമുണ്ട്. കേരളത്തിൽ താഴേത്തട്ടിൽ മെമ്പർഷിപ്പ് കാമ്പെയിൻ തുടങ്ങും. ശക്തമായ അടിത്തറയുണ്ടെങ്കിലേ വളരാനാവൂ. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ 90 ശതമാനം ബി.ജെ.പി ജയിക്കുന്നു, 10 ശതമാനം കോൺഗ്രസ് ജയിക്കുന്നു. എന്നാൽ ടി.എം.സിയും ബി.ജെ.പിയും നേരിട്ട് മത്സരിക്കുമ്പോൾ 70 ശതമാനം ടി.എം.സി ജയിക്കുന്നു. 30 ശതമാനമേ ബി.ജെ.പി ജയിക്കുന്നുള്ളൂ.
വനം, വന്യജീവി പ്രശ്നങ്ങളിൽ കേരള സർക്കാർ വേണ്ടപോലെ ഇടപെടുന്നില്ലെന്ന് വനം വന്യജീവി സെമിനാറിൽ പങ്കെടുത്ത് മഹുവ മൊയ്ത്രാ എംപി പറഞ്ഞു. ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. മുസ്ലിം ലീഗ് എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, യു.എ. ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ മെട്രോ വില്ലേജിലാണ് പരിപാടി നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |