
കൊല്ലം:സി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കണ്ണൂരിലെ കയ്യൂരിൽ മാർച്ച് ഒന്നിന് ജാഥ പുറപ്പെടുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.എൻ.ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 6 മുതൽ 9 വരെയാണ് കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം. 9ന് ആശ്രാമം മൈതാനത്ത് 25000 റെഡ് വോളണ്ടിയർമാരുടെ പരേഡും 2 ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തിലാണ് പതാക ജാഥ.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പതാകജാഥ ഉദ്ഘാടനം ചെയ്യും. വത്സൻ പനോളിയാണ് ജാഥാ മാനേജർ. കെ.അനുശ്രീ ജാഥാംഗമാണ്. മാർച്ച് 5ന് ഉച്ചയ്ക്ക് 12ന് ഏനാത്ത് വച്ച് കൊല്ലം ജില്ലയിലേക്ക് സ്വീകരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു നയിക്കുന്ന ദീപശിഖാ ജാഥ മാർച്ച് 3ന് വയലാറിൽ പി.ബി.അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.ബി.ചന്ദ്രബാബുവാണ് മാനേജർ. കെ.വസീഫ് ജാഥാംഗമാണ്. മാർച്ച് 4ന് വൈകിട്ട് 4ന് ഓച്ചിറ പ്രയാർ ജംഗ്ഷനിൽ വച്ച് കൊല്ലത്തേക്ക് സ്വീകരിക്കും.
കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത നയിക്കുന്ന കൊടിമരജാഥ മാർച്ച് 5ന് രാവിലെ 9.30ന് ശൂരനാട്ട് പി.ബി അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാമാണ് മാനേജർ. എസ്.ജയമോഹൻ ജാഥാംഗമാണ്. മൂന്ന് ജാഥകളും മാർച്ച് 5ന് വൈകിട്ട് കൊല്ലം ആശ്രാമം മൈതാനിയിൽ സംഗമിക്കും. തുടർന്ന് ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകൾ കോടിയേരി ബാലകൃഷ്‌ണന്റെ പേരിലുള്ള സമ്മേളന നഗറിൽ സ്ഥാപിക്കും.
6ന് കൊല്ലം ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പി.ബി കോ ഓർഡിനേറ്റർ പ്രകാശ്‌കാരാട്ട്, പി.ബി അംഗങ്ങളായ പിണറായി വിജയൻ, എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജുകൃഷ്‌ണൻ, കേന്ദ്രകമ്മിറ്റി അംഗം എ.ആർ.സിന്ധു തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് 1ന് വൈകിട്ട് കൊല്ലം ജില്ലയിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 4.30 മുതൽ 6 മണിവരെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്ന് വിളംബരജാഥ സംഘടിപ്പിക്കും.
സംഘാടക സമിതി ജനറൽ കൺവീനർ എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, ജെ.മേഴ്സിക്കുട്ടിഅമ്മ, അക്കോമഡേഷൻ കമ്മിറ്റി കൺവീനർ എക്സ്.ഏണസ്റ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |