
തീരുമാനമാകുംവരെ ജപ്തി പാടില്ല
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ മൂന്നാഴ്ചയ്‌ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശുപാർശകൾ പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതുവരെ ജപ്തിനടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാരും ബാങ്കേഴ്സ് കമ്മിറ്റിയും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വയനാട് പുനരധിവാസം സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം.
കേന്ദ്ര ഫണ്ട് വിനിയോഗിച്ചുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 2026 ഫെബ്രുവരി 11വരെ സമയം നീട്ടിനൽകണമെന്ന കേരളത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര വിഹിതമായ 1059 കോടി രൂപയുടെ 50 ശതമാനം ഈ മാസം 31നകം വിനിയോഗിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. നടത്തിപ്പ് ഏജൻസിക്ക് ഈ മാസം തുക കൈമാറണമെന്നാണ് ഉദ്ദേശിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. അങ്ങനെയാണെങ്കിൽ പ്രശ്നമില്ലെന്ന് കോടതി വിലയിരുത്തി. ഹർജി വീണ്ടും പരിഗണിക്കുന്ന 21നകം ഇക്കാര്യത്തിൽ വ്യക്തതവരുത്താനും കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |