
കണ്ണൂർ: സി.പി.എം സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രായപരിധി മൂലം വരുന്ന ഒഴിവുകളിലേക്ക് പ്രതീക്ഷയോടെ കണ്ണൂരിൽ നിന്ന് തലമുതിർന്ന നേതാക്കൾ. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ പി. ശശി എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റിൽ.
പി. ജയരാജൻ വീണ്ടും തഴയപ്പെട്ടാൽ കണ്ണൂരിലെ അണികൾ വൈകാരികമായി പ്രതികരിച്ചേക്കും. നിലവിൽ സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളിലൊരാളാണ് പി. ജയരാജൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനുള്ള നീക്കം സജീവമാണ്. ഇത്തവണ സെക്രട്ടേറിയറ്റിൽ എത്തിയില്ലെങ്കിൽ 73 കാരനായ പി. ജയരാജന് ഇനി അവസരമില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ. മുരളീധരനോട് പരാജയപ്പെട്ട പി. ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനവും തിരികെ നൽകിയിരുന്നില്ല. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി. ജയരാജന് പകരം എം.വി. ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു.പിന്നാലെയാണ് പി. ജയരാജനെതിരെ വ്യക്തിപൂജ ആരോപണം വരുന്നത്. അതോടെ ഒതുക്കപ്പെട്ട നിലയിലാണ്.
എം.വി. ജയരാജനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. എം.വി. ജയരാജനെ ഉൾപ്പെടുത്തിയാൽ കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരും. ചെറുപ്പക്കാരായ നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പാർട്ടിക്ക് താത്പര്യമുണ്ട്. അങ്ങനെയെങ്കിൽ കെ.കെ. രാഗേഷ്, ടി.വി. രാജേഷ് എന്നിവരിലാരെങ്കിലും ആ സ്ഥാനത്തെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |