
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അനുവദിച്ചതിൽ കൂടുതൽ സമയം നിയമസഭയിൽ സംസാരിച്ചാൽ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ 9 മിനിട്ട് ആയപ്പോൾ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുമെന്ന രീതിയിലാണ് ഇന്നലെ സ്പീക്കർ സംസാരിച്ചത്. സർക്കാരിന്റെ കിങ്കരനെ പോലെയാണ് സ്പീക്കർ പ്രവർത്തിക്കുന്നത്. ഭരണകക്ഷിയിലെ ബാക്ക് ബെഞ്ച് എം.എൽ.എ ബഹളമുണ്ടാക്കുന്നതു പോലെയാണ് സ്പീക്കർ പെരുമാറുന്നത്. ഇക്കാര്യത്തിൽ അതിശക്തമായ പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 59 മിനിട്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 2 മണിക്കൂർ 40 മിനിട്ട് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ക്ഷമയോടെ ഇരുന്ന ആളുകളാണ് ഞങ്ങൾ. അച്യുതാനന്ദൻ 36 മിനിട്ട് പ്രസംഗിച്ചിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് സമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവായിട്ടും എന്റെ പ്രസംഗം മന്ത്രിമാർ തടസപ്പെടുത്തുന്നതിനു പുറമെയാണ് സ്പീക്കറും തടസപ്പെടുത്തിയത്.
സ്പീക്കർ കസേരയോട് നീതി പുലർത്താത്തത് ദുഃഖകരമാണെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു. 20 സെക്കൻഡ് ആകും മുൻപ് ചോദ്യംചോദിക്കുന്നതിൽ യു.ഡി.എഫ് അംഗങ്ങളെ തടസപ്പെടുത്തുന്ന നിലപടാണ് സ്പീക്കർ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ്ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |