
തിരുവനന്തപുരം: മുൻ എം.എൽ.എയും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജുവിന്റെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ നടത്തിയ വിവാദ പ്രതികരണത്തിൽ വിശദീകരണം തേടാൻ സി.പി.ഐ. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സി.പി.ഐ എറണാകുളം ജില്ലാകമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണിത്. അദ്ദേഹത്തിന്റെ വിശദീകരണം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. രാജുവിന്റെ മരണത്തെ തുടർന്ന് പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ഇസ്മായിലും പാർട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു ഇസ്മയിലിന്റെ ആരോപണം. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തിരിച്ചെടുക്കാൻ കൺട്രോൾ കമ്മിഷൻ തീരുമാനം എടുത്തിരുന്നുവെന്നും പറഞ്ഞിരുന്നു.
എന്നാൽ, കൺട്രോൾ കമ്മിഷൻ അത്തരത്തിലൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിൽ തെറ്റിദ്ധാരണാജനകമായ പ്രതികരണം ഇസ്മയിലിൽ നിന്ന് ഉണ്ടായെന്ന് വിലയിരുത്തിയാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്. ദേശീയ എക്സിക്യൂട്ടീവ് മുൻ അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്. മുമ്പ് പാലക്കാട്ടെ സേവ് സി.പി.ഐ ഫോറത്തെ അനുകൂലിക്കുന്ന രീതിയിൽ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |