SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സി.പി.എമ്മിൽ അസ്വസ്ഥത

f

കൊല്ലം: സി.പി.എമ്മിന്റെ കേഡർ സ്വഭാവത്തിന് കളങ്കം സൃഷ്ടിച്ച് സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പാർട്ടിയിൽ അസ്വസ്ഥത പുകയുന്നു. അർഹരായ ചിലരെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും തഴഞ്ഞതാണ് പ്രതിഷേധ സ്വരത്തിന് വഴി തെളിച്ചത്.

പ്രതിനിധി സമ്മേളനം അവസാനിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നുള്ള എ.പത്മകുമാർ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്നെ ഉൾപ്പെടുത്താത്തതിന് പുറമേ മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതാണ് പരസ്യമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.പദ്മകുമാറിനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറി ഇന്നലെ അദ്ദേഹത്തെ വസതിയിൽ സന്ദർശിച്ചിരുന്നു. കണ്ണൂരിലെ എൻ.സുകന്യയുടെ അസംതൃപ്തി ചെഗുവേരയുടെ വാക്കുകൾ ഉദ്ധരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റായി പുറത്തുവന്നു. 'ഓരോ അനീതിയിലും കോപാത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്റെ സഖാവാണ്' എന്ന ചെഗുവേരയുടെ വാക്കുകളാണ് തന്റെ ചിത്രത്തിനൊപ്പം എൻ. സുകന്യ ഇംഗ്ലീഷിൽ പങ്കു വച്ചത്

മേഴ്സിക്കുട്ടിഅമ്മയും പി.ജയരാജനും സംസ്ഥാന കമ്മിറ്റി യോഗത്തിൽ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചു. തന്നെ തഴഞ്ഞതിലുള്ള അസംതൃപ്തി സമ്മേളനത്തിൽ പി.ജയരാജൻ തുറന്നുപറഞ്ഞു.മേഴ്സിക്കുട്ടിഅമ്മയും ജയരാജൻ പറഞ്ഞതിനു സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.ആനാവൂർ നാഗപ്പന്റെ ഒഴിവിൽ തിരുവനന്തപുരത്തെ സീനിയർ നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിനെ പരിഗണിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

.

എം.ബി.രാജേഷിനെ

എന്തിന് വെട്ടി?

തദ്ദേശ,എക്സൈസ് വകുപ്പുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടും പാലക്കാട് നിന്ന് മന്ത്രി എം.ബി.രാജേഷിനെ എ.കെ.ബാലന്റെ ഒഴിവിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് ചോദ്യമായി .എറണാകുളത്ത് നിന്ന് പി.രാജീവ് സെക്രട്ടേറിയറ്റിലുണ്ടായിട്ടും സി.എൻ.മോഹനനെ കൂടി ഉൾപ്പെടുത്തിയാണ് എം.ബി രാജേഷിന്റ വഴിയടച്ചത്.

ജയരാജന്റെ

മകന്റെ പോസ്റ്റ്

എം സ്വരാജിന്റെ പഴയ എഫ്ബി പോസ്റ്റ് വാട്‌സാപ്പ് സ്റ്റാറ്റസാക്കിയും, ന്യൂസീലൻഡ് ക്രിക്കറ്റ് താരം കെയിൻ വില്ല്യംസണിന്റെ ചിത്രം പങ്കു വച്ചുമാണ് പി.ജയരാജന്റെ മകൻ ജയിൻരാജ് അതൃപ്തി പ്രകടമാക്കിയത്. ബാബറി മസ്ജിദ് കേസിലെ വിധി വന്നപ്പോൾ എം സ്വരാജിട്ട എഫ്ബി പോസ്റ്റായിരുന്നു ജയിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. ' വർത്തമാന കാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ'... ഫെയിസ്ബുക്കിൽ ക്രിക്കറ്റ് താരം കെയിൻ വില്ല്യംസണിന്റെ ചിത്രം പങ്കുവെച്ചുള്ള ജയിൻരാജിന്റെ ഒളിയമ്പ് ഇങ്ങനെ...'ഇനിയൊരു അങ്കത്തിനുള്ള ബാല്യം അയാളിലുണ്ടോയെന്ന് സംശയമാണ്, കപ്പിനും ചുണ്ടിനുമിടയിൽ നിർഭാഗ്യം തൊട്ടുതലോടിയ മനുഷ്യന്‍,, ഇനിയൊരവസരം ഉണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കിൽ അന്തിമ ചിരി നിങ്ങളുടേതാകട്ടെ'. പി ജയരാജന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സെക്രട്ടേറിയറ്റ് പ്രവേശനം ഇല്ലാതായതിന്റെ അതൃപ്തി വരികൾക്കിയിൽ ഒളിഞ്ഞിരിപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA