
മദ്ധ്യസ്ഥന് സസ്പെൻഷൻ
കൊച്ചി: കേസ് പരിഗണിക്കവേ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. എന്നാൽ, ജസ്റ്റിസ് ബദറുദ്ദീനെ മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അസോസിയേഷൻ കത്തയയ്ക്കും.
അസോസിയേഷന്റെ അറിവില്ലാതെ വിഷയം ഒത്തുതീർപ്പാക്കിയതിന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിനെ സസ്‌പെൻഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും ജനറൽ ബോഡി തീരുമാനിച്ചു. ഇന്നലെ സിറ്റിംഗിനെത്തിയ ജസ്റ്റിസ് ബദറുദ്ദീൻ അടിയന്തര ഹർജികൾ പരിഗണിച്ചു മടങ്ങി.പരാതിയുന്നയിച്ച അഭിഭാഷകയോട് ജസ്റ്റിസ് ബദറുദ്ദീൻ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രശ്നം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനയ്‌ക്ക് അഭിഭാഷക കത്ത് നൽകിയ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ കോടതി തുടങ്ങും മുമ്പ് ജനറൽ ബോഡി ചേർന്നത്.
ചീഫ് ജസ്റ്റിസിന്റെ തീരുമാനം കാക്കുന്നതിനിടെ അഡ്വ. ജോർജ് പിൻവാതിലിലൂടെ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന വിമർശനമാണ് അസോസിയേഷൻ ഉന്നയിക്കുന്നത്.
ഇ-ഫയലിംഗ് നടപ്പാക്കിയിട്ടും കോടതി നടപടികൾ സുതാര്യമാകുന്ന വിധത്തിൽ വീഡിയോ റെക്കാഡിംഗ് ചെയ്യാത്തത് തെറ്റാണെന്നും മറ്റ് സംസ്ഥാനങ്ങളിലേതു പോലെ റെക്കാഡിംഗ് സമയബന്ധിതമായി നടപ്പാക്കണമെന്നും അഡ്വക്കേറ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാവിയിൽ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും അസോസിയേഷൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |