
മുൻ മന്ത്രി, മുൻ എം.എൽ.എ എന്നൊക്കെ വിശേഷിപ്പിക്കാറുള്ളതാണ്. പക്ഷെ 'മുൻ തൊഴിലാളി വർഗ പാർട്ടി' എന്നൊരു പ്രയോഗം കേട്ടിട്ടില്ല.. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് ഉപക്ഷേപം അവതരിപ്പിച്ച് കോൺഗ്രസ് അംഗം എം.വിൻസെന്റാണ് സി.പി.എമ്മിന് ഇങ്ങനെയൊരു വിശേഷണം നൽകിയത്. ബ്രൂവറിക്കും ഡിസ്റ്രിലറിക്കുമൊക്കെ പിറകെയുള്ള പരക്കംപാച്ചിലിൽ അടിസ്ഥാന വർഗത്തെ മറക്കുന്ന സി.പി.എമ്മിനെ ഇപ്പോൾ തൊഴിലാളി വർഗ പാർട്ടിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേമനിധി പെൻഷനുകൾ കുടിശികയായതിനനെപ്പറ്റി സഭ നിർത്തിവച്ച് ചർച്ച ചെയ്യാനായിരുന്നു ഉപക്ഷേപം. ഒയാസിസ് കമ്പനിയല്ല നിങ്ങളെ അധികാരത്തിലെത്തിച്ചതെന്നായിരുന്നു വിൻസെന്റിന്റെ ഓർമ്മപ്പെടുത്തൽ..വിവാഹ ധനസഹായത്തിന് അപേക്ഷിച്ചാൽ, വിവാഹം കഴിഞ്ഞ് കുട്ടികളെ സ്കൂളിൽ വിടുമ്പോഴും ആനുകൂല്യം കിട്ടില്ല. പരിപ്പുവട മാറ്റി കശു അണ്ടി കൊറിക്കാൻ കൊടുക്കുന്ന നിലയിലേക്ക് മാറി. സർക്കാർ പരിപാടികൾക്ക് ആളെ കൂട്ടാനും ,സി.ഐ.ടി.യുക്കാർ വിളിക്കുമ്പോൾ ആശാവർക്കർമാരായി അഭിനയിക്കാനും പോകേണ്ടിവരുന്ന അങ്കണവാടി ജീവനക്കാരുടെ ദൈന്യതയും വിൻസെന്റ് വിശദമാക്കി.
പെൻഷൻ കുടിശികയുടെ പേരിൽ ഒഴുക്കുന്നത് മുതലക്കണ്ണീരെന്നു പറഞ്ഞാൽ മുതലയും പിണങ്ങുമെന്നായിരുന്നു ഇതിന് മന്ത്രി ബാലഗോപാലിന്റെ തിരിച്ചടി. . ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പെൻഷൻ കുടിശിക ഇനത്തിൽ 35,000 കോടി എൽ.ഡി.എഫ് സർക്കാർ കൊടുത്തു തീർത്ത കണക്കും നിരത്തി. കൈയ്യടി കിട്ടാനും കട്ട് ചെയ്ത് വീഡിയോ കൊടുക്കാനുമൊക്കെയാണ് ഇതൊക്കെ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ളിഫ് ഹൗസിന്റെ എക്സ്റ്റന്റഡ് പാൻട്രി ഹൗസ് എന്ന പദവി എ.കെ.ജി സെന്ററിന് നൽകരുതെന്നാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററോടുള്ള കോൺഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലുന്റെ അഭ്യർത്ഥന ഭരണപക്ഷത്തെ ചൊടിപ്പിച്ചു. . ചമ്പൽ കൊള്ളക്കാരും കുറുവ സംഘവുമൊക്കെ കൊള്ള നടത്തും മുമ്പ് ആഘോഷിക്കും.. വികസന നയരേഖ ചർച്ച ചെയ്യപ്പെട്ട സി.പി.എം കൊല്ലം സമ്മേളനത്തിന് മുമ്പ് ഡാൻസും പാട്ടും റെഡ് വോളണ്ടിയർ മാർച്ചുമൊക്കെയായി ആഘോഷമായിരുന്നുവെന്നും രാഹുൽ കളിയാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് അടുത്തെത്തി സ്വരം കടുപ്പിച്ചപ്പോൾ, ചെയറിനെ ഭീഷണിപ്പെടുത്തുന്നത് ഗുണ്ടായിസമാണെന്ന് മന്ത്രി രാജേഷ് ഓർമ്മപ്പെടുത്തി. പക്ഷെ അൽപ്പം കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ പ്രയോഗം പിൻവലിച്ചു. ഇത് സ്പീക്കർ എ.എൻ.ഷംസീറിന് ബോധിച്ചു, ഉദാത്ത മാതൃകയാണ് മന്ത്രി രാജേഷിന്റെ നടപടിയെന്ന് അദ്ദേഹം പ്രശംസിച്ചു.ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയും പോലെയാണ് സി.പി.എം അംഗവും ഗായികയുമായ ദലീമയുടെ രീതി. എപ്പോൾ ചർച്ചയിൽ പങ്കെടുത്താലും ഒരു പാട്ട് ഫ്രീ. പക്ഷെ അതിനുള്ള സമയം കൂടി ചെയർ നൽകണമെന്ന നിബന്ധനയുണ്ട്. ഇന്നലെയും ദലീമ പാടി പഴയൊരു പാട്ട്,'പടച്ചവൻ പടച്ചപ്പോൾ മനുഷ്യനെ പടച്ചു, മനുഷ്യന്മാർ തമ്മിൽ പണക്കാരെ പടച്ചു, പണക്കാർ പാരിലാകെ പാവങ്ങളെ പടച്ചു.രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഉയർത്തിയ കോലാഹലം കെട്ടടങ്ങിയതിന് പിന്നാലെയുള്ള ദലീമയുടെ പാട്ടിൽ സഭയും ഒന്നു കുളിർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |